Karthikai Deepam

HOMENEW7

ഇന്ന് തൃക്കാർത്തിക ….വിളക്കുകളുടെ ഉത്സവം

തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഹിന്ദുക്കൾ ആഘോഷിയ്ക്കുന്ന ഒരു വിശേഷദിവസമാണ് തൃക്കാർത്തിക. വൃശ്ചികമാസത്തിലെ കാർത്തിക നാളും പൗർണമിയും ചേർന്നു വരുന്ന ദിവസമാണ് ഈ ആഘോഷം നടത്തപ്പെടുന്നത്. ഇത് ദേവി ആദിപരാശക്തിയുടെയും സുബ്രഹ്മണ്യന്റെയും വിശേഷദിവസമായി കണക്കാക്കപ്പെടുന്നു.

സന്ധ്യക്ക്‌ മൺചെരാതുകളിൽ കാർത്തികദീപം കത്തിച്ച്, പരാശക്തിയെ മനസിൽ വണങ്ങി നാടെങ്ങും തൃക്കർത്തികയാഘോഷിക്കുന്നു.

വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ഭഗവതിയുടെ ജന്മനക്ഷത്രമായതിനാലാണ് അന്നേ ദിവസം തൃക്കാർത്തിക മഹോത്സവമായി ആചരിക്കുന്നത്. ദുർഗ്ഗാ ക്ഷേത്രങ്ങളിൽ എല്ലാം തന്നെ അന്ന് വിശേഷമാണ്.

മനസ്സിലേയും വീട്ടിലേയും സകല ദുരിതങ്ങളും തിന്മകളും ഇത്തരത്തിൽ വിളക്കുകൾ കത്തിച്ചാൽ ഭഗവതി ഇല്ലാതാക്കും എന്നാണ് വിശ്വാസം.

ഇതിനു പുറമേ, തുളസീ ദേവിയുടെ ജനനം തൃക്കാർത്തിക നക്ഷത്രത്തിൽ ആയിരുന്നു എന്നും, സുബ്രഹ്മണ്യനെ എടുത്തു വളർത്തിയത് കാർത്തിക നക്ഷത്രത്തിന്റെ അധിദേവന്മാരായ കൃത്തികാ ദേവിമാരായിരുന്നു എന്നും, ഗോലോകത്തിൽ ശ്രീകൃഷ്ണൻ രാധികാദേവിയെ പൂജിച്ച ദിവസമാണെന്നും വിശ്വാസമുണ്ട്. തൃക്കാർത്തിക ദീപം തെളിയിക്കുന്ന വീടുകളിൽ മഹാലക്ഷ്മി വസിക്കും എന്നും ഐതിഹ്യം പറയുന്നു.

അഗ്നി നക്ഷത്രമാണ് കാർത്തിക. ഇത് ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭത്വത്തിന്റെയും പ്രതീകം കൂടിയാണ്. കാർത്തിക നക്ഷത്രവും പൗർണ്ണമിയും ഒരുമിച്ചു വരുന്ന തൃക്കാർത്തിക ദിനത്തിലാണ് ആലപ്പുഴ ജില്ലയിലെ പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ വിപുലമായ പൊങ്കാല മഹോത്സവം നടന്നു വരുന്നത്. കേരളത്തിൽ ആറ്റുകാൽ, ചോറ്റാനിക്കര, കൊടുങ്ങല്ലൂർ, കൊരട്ടി മുളവള്ളിക്കാവ് , കാടാമ്പുഴ, മൃദംഗശൈലേശ്വരി തുടങ്ങിയ ഭഗവതി ക്ഷേത്രങ്ങളിൽ അന്ന് വിശേഷാൽ ചടങ്ങുകൾ നടന്നു കാണാറുണ്ട്.🙏

Leave a comment

Design a site like this with WordPress.com
Get started