“തത്ത്വമസി..” എന്ന് കേട്ടിട്ടില്ലേ…
മലയാളികൾ ഉറപ്പായും… മണ്ഡലകാലത്ത് പ്രത്യേകിച്ചും ആവർത്തിച്ച് കേൾക്കുന്ന ഒരു സംസ്കൃത വാക്യമാണിത്…
ഒരു സാധാരണക്കാരനോട് ഇതെന്തെന്ന് ചോദിച്ചാൽ ആദ്യ ഉത്തരം “ശബരിമലയിലെ ബോർഡിൽ” ഉള്ള വാക്യമാണെന്ന് പറയും… ചിലപ്പോൾ “അത് നീ ആകുന്നു” എന്ന സാമാന്യ അർത്ഥവും പറഞ്ഞുവെന്നിരിക്കും…
പക്ഷേ പലപ്പോഴും എന്താണത്? എന്തിനാണത്? എങ്ങിനെയാണത് ? എന്തുകൊണ്ടത് ശബരിമലയിൽ എന്നതിനൊന്നും നമുക്ക് ഒരുത്തരവും കാണുകയും ഇല്ല….!!!
ദശോപനിഷത്തുകളിൽ (ശ്രീആദിശങ്കരാചാര്യർ ഭാഷ്യം എഴുതിയ 10 ഉപനിഷത്തുക്കൾ) പ്രധാനപ്പെട്ട ഒന്നാണ് ഛാന്ദോക്യ ഉപനിഷത്ത്. അതിൽ ‘ഗുരുവായി പിതാവ് ഉദ്ദാലകനേയും.. ശിഷ്യനായി മകൻ ശ്വേതകേതുവിനെയും’ നമുക്ക് കാണുവാൻ കഴിയും… അതിൽ ഗുരു ശിഷ്യനോട്, അച്ഛൻ മകനോട് നൽകുന്ന ഏറ്റവും പ്രധാന ഉപദേശമാണ് “തത്ത്വമസി..”
“അത് നീ ആകുന്നു…”
“നീ തേടി നടക്കുന്ന, നിന്നിൽ നിന്നും വ്യത്യസ്തമായി എന്നും കരുതി, പുറത്ത് തേടി നടക്കുന്ന ആനന്ദം…, അത് നീ തന്നെ ആകുന്നു…”
“നിന്റെ സൃഷ്ഠി-സ്ഥിതി-ലയ കാരണമായ ആ ഈശ്വരതത്ത്വം…. അത് നീ സത്യത്തിൽ തന്നെ ആകുന്നു…”
“പരിമിതമായ ജീവൻ അല്ല നീ… പൂർണ്ണനായ പരബ്രഹ്മം തന്നെ ആണ് നീ…. അത് നീ തന്നെ ആകുന്നു…”
ഇങ്ങനെ അതിഗംഭീരമായ ഒരു ഉപനിഷദ് ഘോഷമാണ് “തത് ത്വം അസി”. ||ഇതിനെ മഹാവാക്യം എന്ന് ശാസ്ത്രത്തിൽ പറയുന്നു…..||
ഇത് അറിയുന്നവൻ…. തന്റെ പരിമിതികളുപേക്ഷിച്ച്… തന്റെ സ്വത്ത്വം അറിഞ്ഞ് പരിപൂർണ്ണ സ്വാതന്ത്ര്യത്തിലേക്ക് നടക്കുന്നു…..
ഈ ഉപദേശം ശബരിമലയിൽ വന്നതിനൊരു കാരണം ഉണ്ട്….
പൂജ്യ സ്വാമി ചിന്മയാനന്ദജിയുടെ നിർദേശപ്രകാരമാണ് ഇതെവിടെ സ്ഥാപിതമായത്…
വേറെ ഏതൊരു ക്ഷേത്രത്തിൽ നിന്നും വ്യത്യസ്‌തമായി ശബരിമലക്കുള്ള പ്രത്യേകത എന്തെന്നാൽ, അവിടെ ഭഗവാനും, ഭക്തനും, മാത്രമല്ല അവിടുള്ളതെല്ലാം “സ്വാമിയാണ്…”
“പോലീസ് സ്വാമിയും, ഗാർഡ് സ്വാമിയും, എന്തിനേറെ, ട്രാക്റ്ററുകൾ വരുന്നതിന് മുൻപ് ചുമടെടുക്കാൻ കൊണ്ടുപോയിരുന്ന കഴുതകൾ വരെ “കഴുത-സ്വാമി” ആയിരുന്നു….!!!”
“എല്ലാത്തിലും ഈശ്വരനെ ദർശിക്കൂ എന്ന ശാസ്ത്ര സന്ദേശം(theory), ഇതുപോലെ എങ്കിലും നാം ആചരിച്ച് (practice) തുടങ്ങുന്നത് ശബരിമലയിൽ ആണ്….”
41 ദിവസം വൃതമെടുത്ത്…
ഭഗവാനെ കാണാൻ…..ഭഗവാനെ അറിയുവാൻ….
കല്ലും, മുള്ളും നിറഞ്ഞ (സാധനയുടെ) മല ചവിട്ടി….
പതിനെട്ടാം പടി കയറി നമ്മൾ കാണേണ്ടത്… അറിയേണ്ടത്… “നീ അത് ആകുന്നു…” എന്നതാണ്.
||മാത്രമല്ല, ജ്ഞാന മുദ്ര യോട് കൂടി ഇരിക്കുന്ന അയ്യപ്പൻ സൂചിപ്പിക്കുന്നതും ഇത് തന്നെ…||
“അകത്തുള്ളതും അയ്യപ്പൻ, പുറത്തുള്ളതും അയ്യപ്പൻ…” എന്നാണ് ചിന്മയാനന്ദജി ഇതിനെ പറ്റി പറഞ്ഞിരുന്നതത്രെ….
ഏതൊരു സാധനയുടെയും പരിസമാപ്തിയും ഇത് തന്നെ ആണ്…
“നാം ആ പൂർണ്ണതയാണെന്ന ബോദ്ധ്യം ഉണ്ടാകുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുക…” ഇതിനായാണ് നാം ഏതൊരു ആധ്യാത്മിക സാധനയും ചെയ്യുക…
“സ്വാമിയേ കണ്ടാൽ മോക്ഷം കിട്ടും….” എന്ന് ശരണം വിളിക്കുന്ന നമ്മൾ, സ്വാമിയേ കാണേണ്ടത് തന്റെ തന്നെ ഉള്ളിലാണെന്നതും, അതാണ് ‘തത്ത്വമസി’ അർത്ഥമാക്കുന്നതും എന്നതാണ് ഈ ‘ഉപദേശ മഹാവാക്യം’ ശബരിമലയിൽ ഏറ്റവും ഉചിതമാകുന്നത്.
ഇന്ന് 08-12-2021 ആണ്. ഇതു പോലൊരു ഡിസംബർ 08 നാണ് സ്വാമി ചിന്മയാനന്ദജിയുടെ നിർദേശത്താൽ ശബരിമലയിൽ “തത്ത്വമസി” ബോർഡ് സ്ഥാപിതമായത്. 08-12-1982 ൽ. അന്നത്തെ മേൽശാന്തി പൂന്തോട്ടം നാരായണൻ നമ്പൂതിരി അതിന്റെ അനാച്‌ഛാദനം നിർവഹിച്ചു….
വൃതശുദ്ധിയോടെ അവിടെത്തുന്ന ഓരോ അയ്യപ്പനെയും തൻറെ പരമലക്‌ഷ്യം ഓർമ്മിപ്പിച്ചുകൊണ്ട് “തത്ത്വമസി ബോർഡ്” ഇന്നും അവിടുണ്ട്….
ഏവർക്കും ആ ലക്ഷ്യത്തിലേക്കെത്താൻ അയ്യപ്പസ്വാമിയുടെ അനുഗ്രഹത്താൽ സാധിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
NB: ചിൻമുദ്ര: ചെറുവിരൽ, മോതിരവിരൽ, നടുവിരൽ എന്നിവ സ്ഥൂല-സൂക്ഷ്മ-കാരണ ശരീരത്തെ സൂചിപ്പിക്കുകയും. ചൂണ്ടുവിരൽ ജീവനെയും, തള്ളവിരൽ ബ്രഹ്മത്തിനെയും സൂചിപ്പിക്കുന്നു. ജീവൻ തൃശരീരങ്ങളുമായുള്ള ഒട്ടൽ വിട്ട് ബ്രഹ്മത്തിനോട് ചേരുന്നു, ചേരണം എന്നതാണ് ചിന്മുദ്ര നൽകുന്ന സൂചന.
ഈ ബോർഡിന്റെ സ്ഥാപനത്തിന് വേണ്ടി കാര്യങ്ങൾ നിവഹിച്ച ചിന്മയാനന്ദജിയുടെ ഭക്തൻ ആണ് ശ്രീ കാളിദാസ്. അദ്ദേഹം ഇപ്പോൾ മുംബൈയിൽ ആണ് സ്ഥിര താമസം.
കടപ്പാട് :- സ്വാമി സുധീർ ചൈതന്യ
✍️ശാന്തിസുരേഷ് പനവേലിൽ
Leave a comment