ശ്രീ ചിന്മയ സദ് ഗുരുവേ നമഃ
*സാധന*
സാധന എന്ന ഒരു സാധാരണ പദം നമ്മുടെ മനസ്സിൽ പല പല അർത്ഥങ്ങൾ ആണ് കൊണ്ടു വരിക.
ഒരു സാധാരണക്കാരനോട്
‘സാധന’ എന്നാൽ എന്നത് എന്ത്?
എന്ന് ചോദിച്ചാൽ പലപ്പോഴും കൃത്യമായി മറുപടി നൽകുവാൻ കഴിയില്ല. അതേ സമയം തന്നെ അദ്ദേഹം ദിവസത്തിൽ പല പ്രാവശ്യം ഈ പദം ഉപയോഗിക്കുന്നും ഉണ്ട്.
*എന്താണ് സാധന? എന്തിനാണ് സാധന? എങ്ങനെയാണ് സാധന?* എന്നതിനെ പറ്റി ചിന്തിക്കേണ്ടതിന്റെ ആവശ്യകത ഇതിനാലാണ് വന്നു ചേരുന്നത്. കാരണം നിരന്തരം ഉപയോഗിക്കുന്ന ഒരു പദം, അത് യഥാർത്ഥത്തിൽ എന്താണ് എന്ന് അറിയാത്തത് – എന്തിനാണ് എന്നറിയാത്തത് കഷ്ടം തന്നെയാണ്.
എന്താണ് “സാധന” എന്ന ചോദ്യത്തിന്റെ ഉത്തരം മനസിലാക്കാൻ വേറെ രണ്ടു വാക്കുകൾക്കൂടി പരിചയപ്പെടുന്നത് സഹായകമാകും. *സാധകൻ, സാദ്ധ്യം എന്നിവയാണ് അവ രണ്ടും.*
*എന്താണ് ‘സാദ്ധ്യം’? ആരാണ് സാധകൻ? സ്വാഭാവികമായും ഈ രണ്ടു ചോദ്യങ്ങൾ കൂടി ഇതേസമയം ഉയർന്നു വരും.*
ആദ്യം നമുക്ക് സാദ്ധ്യം എന്ത് എന്ന് നോക്കാം!
“സാദ്ധ്യം” എന്നാൽ സാധിക്കേണ്ടത്, ലഭിക്കേണ്ടത് എന്ന് മനസിലാക്കാം.
ഇവിടെ നമുക്ക് “സാദ്ധ്യത്തിനെ” നമ്മുടെ ലക്ഷ്യമായി കരുതാം.
‘സാദ്ധ്യം’ ലക്ഷ്യമാകുമ്പോൾ, “സാധകൻ” എന്നാൽ, ആരാണോ ആ ലക്ഷ്യം – അഥവാ ‘സാദ്ധ്യം’ നേടുവാൻ പരിശ്രമിക്കുന്നത്, അയാൾ ആകുന്നു.
സാദ്ധ്യം = ലക്ഷ്യം
സാധകൻ = ലക്ഷ്യത്തിനായി പരിശ്രമിയ്ക്കുന്നവൻ
അപ്പോൾ സാധന എന്നാൽ ‘ലക്ഷ്യം’ നേടുവാൻ ഉള്ള ‘സാധകന്റെ’ പരിശ്രമം.
ഉദാ : ഒരു നല്ല ക്രിക്കറ്റ് കളിക്കാരൻ ആകുക എന്ന ലക്ഷ്യം – ‘സാദ്ധ്യവും’ അതിനായി പരിശ്രമിക്കുന്ന വ്യക്തി സാധകനും, ആ പരിശ്രമമായുള്ള “നെറ്റ് പ്രാക്ടീസ് ” സാധനയും ആകും.
എന്നാൽ നാം സാധാരണ ‘സാധന’ എന്നത് സ്ഥിരമായി ഉപയോഗിച്ചു വരിക ആദ്ധ്യാത്മികതയും ആയി ബന്ധപ്പെട്ടാണ് ആണ്.
“സാധന” എന്നാൽ പലപ്പോഴും ഒരു ” “രൂഡീ” പദമായി അദ്ധ്യാത്മിക മേഖലയുമായി ചേർന്നു പോകുന്നു.
( രൂഡീപദം എന്നാൽ – പദത്തിന്റെ
വാച്യാർത്ഥത്തിൽ തന്നെ ഉറച്ചു നിൽക്കാതെ കാലാ കാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒരു അർത്ഥം പദത്തിന് കൈ വരും)
(ഉദാ : ഭാരതീയന് “മാഗി” എന്നാൽ എല്ലാത്തരം നൂഡിൽസും പോലെ.)
ഇത് പോലെ സാധന എന്നാൽ അദ്ധ്യാത്മിക പരിശീലനങ്ങൾ ആയ ജപം, ധ്യാനം, തുടങ്ങിയവയാണ്. “സാധന” എന്നാൽ ഇവിടെ ചർച്ച ചെയ്യുന്നത് “ആദ്ധ്യാത്മിക സാധന” യായിരിക്കും.
” സാധന ” എന്നതിന്റെ ഒരു സാമാന്യ അർത്ഥം കണ്ട സ്ഥിതിക്ക്, അത് എന്തിനാണ്? എങ്ങനെയാണ് എന്ന് കാണുന്നത് സാധനയെ കുറച്ചുകൂടി ആഴത്തിൽ മനസ്സിലാക്കുന്നതിന് സഹായകമാകും.
സാധന ചെയ്യുന്നവൻ സാധകൻ എന്ന് നമ്മൾ കണ്ടു. ആദ്ധ്യാത്മിക പാതയിൽ സാധകൻ, സാദ്ധ്യം എന്നിവ എന്താണ് എന്ന് ഒരു ധാരണ നമുക്കുണ്ട് എങ്കിൽ സാദ്ധ്യത്തിനായി സാധകന്റെ പരിശീലനങ്ങൾ “സാധന” – എന്ത് എന്ന് നമുക്ക് മനസ്സിലാക്കാൻ എളുപ്പമാണ്.
ഒരു സത്സംഗം കേൾക്കുന്ന, ആദ്ധ്യാത്മിക പഠന ശിബിരമോ ക്ലാസ്സോ കേൾക്കുന്ന, ഏതൊരാളോടും, എന്താണ് നമ്മുടെ ‘ലക്ഷ്യം, സാദ്ധ്യം’ എന്ന ചോദ്യത്തിന് സംശയ ലേശമന്യേ കിട്ടുന്ന മറുപടി ആണ് – *”മോക്ഷം”* എന്നത്.
സംശയമോ തർക്കങ്ങളോ ഇല്ല.
” മോക്ഷം” തന്നെയാണ് നമ്മുടെ പരമമായ ജീവിതലക്ഷ്യം.
പക്ഷേ ഉപയോഗിച്ച്, ഉപയോഗിച്ച് നമ്മളിൽ പലർക്കും “മോക്ഷം” എന്നത് ഒരു വാക്ക് എന്നതിനപ്പുറം എന്താണ് എന്ന് ഒരു വ്യക്തതയില്ലാതെയായി തീർന്നിരിക്കുന്നു.
ലക്ഷ്യം മോക്ഷമാണ്, എന്നാൽ അത് എന്താണ് എന്നറിയാത്ത അവസ്ഥ.
നമ്മുടെ *സാദ്ധ്യം = മോക്ഷം* ഈ ഒരു ലക്ഷ്യത്തിനെപ്പറ്റി നമുക്കൊരു സാമാന്യജ്ഞാനം ഉണ്ടെങ്കിൽ ആ സാദ്ധ്യത്തിലേയ്ക്ക് നമ്മെ നയിക്കുന്ന സാധന എന്തെന്ന് ഒരു വ്യക്തത കിട്ടും.
ആചാര്യന്മാർ ചിലയിടത്ത് മോക്ഷത്തിനെ വിവക്ഷിച്ചിരിക്കുന്നത്, *ആത്യന്തിക ദുഃഖനിവൃത്തി, പരമാനന്ദപ്രാപ്തി, നിത്യതൃപ്തി എന്നാണ്. ഇത് ആത്യന്തിക ദുഃഖനിവൃത്തി + പരമാനന്ദപ്രാപ്തി +
നിത്യതൃപ്തി എന്ന് തുടക്കത്തിലും പിന്നെ അത്യന്തിക ദുഃഖനിവൃത്തി = പരമാനന്ദപ്രാപ്തി = നിത്യതൃപ്തി* എന്ന അനുഭവത്തിലേയ്ക്ക് നാം ഉയരും, ഉയരണം.
ദുഃഖമില്ലാത്ത, പരമമായ ആനന്ദത്തോട് കൂടി നിത്യ തൃപ്തമായ അവസ്ഥയുണ്ട്. ഇതത്രേ മോക്ഷം.
ഇനി ഈ മോക്ഷം എപ്പോഴാണ് കിട്ടുക. ചെയ്ത കർമ്മങ്ങളുടെ ഫലമായി മരണശേഷം ആണോ? എന്ന് ഒരു ചോദ്യം ഉണ്ടാകാം. കാരണം ചിലയിടങ്ങളിൽ മോക്ഷത്തിന് “ഇനി ജനനം ഇല്ലാത്ത, മരണം ഇല്ലാത്ത” അവസ്ഥ എന്നും പറയുന്നുണ്ട്.
എന്നാൽ ആചാര്യന്മാർ ഉദ്ഘോഷിയ്ക്കുന്നു. മോക്ഷം എന്നത് ഇവിടെ! ഇപ്പോൾ സംഭവിയ്ക്കുന്നതാണ്. അതിന് ദേശത്തിന്റെയോ കാലത്തിന്റെയോ പരിമിതികൾ ഇല്ല തന്നെ. ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കിയാൽ മോക്ഷം ലഭിയ്ക്കുക എന്നാൽ ഒരാൾ ” കോട്ടയത്ത് നിന്ന് എറണാകുളത്ത് ” പോകുന്നത് പോലെയല്ല, എന്തെന്നാൽ ‘ കോട്ടയത്തുനിന്ന് എറണാകുളം വരെ’ – *ദേശം കൊണ്ടും, സമയം കൊണ്ടും നമ്മെ പരിമിതപ്പെടുത്തിയിരിക്കുന്നു*. എന്നാൽ *മോക്ഷം എന്നത് – ഞാൻ ബദ്ധനാണ് എന്ന് തെറ്റായ ചിന്ത എപ്പോൾ മാറുന്നോ അപ്പോൾ! അവിടെ സംഭവിക്കുന്നതാണ്.*
ഇവിടെ ഒരു സ്വാഭാവിക ചോദ്യം വരും.
എന്താണ് നമുക്ക് ഈ തെറ്റിദ്ധാരണ?,
താൻ ബദ്ധനാണ് എന്നത് നീക്കാൻ ഇത്ര ബുദ്ധിമുട്ട്?
അതിനുള്ള ഉത്തരമാണ് നമ്മുടെ ഉള്ളിലെ *മൂന്ന് ദോഷങ്ങൾ ‘മലം – വിക്ഷേപം – ആവരണം’*
ഈ ദോഷങ്ങൾ ആണ് നമ്മളെ, നാം തേടി നടക്കുന്ന ആനന്ദം, ആ സ്വാതന്ത്ര്യം, ആ ലക്ഷ്യം, നാം തന്നെയാണ്, എന്ന് അറിയിക്കാതെ ലോക ദുഃഖങ്ങളിൽ പിടിച്ചിടുന്നത്. ഇതെങ്ങനെ സംഭവിക്കുന്നു എന്ന് നോക്കാം.
*മലം :* മലം എന്നാൽ നമ്മുടെ മനസ്സിലെ മാലിന്യങ്ങൾ ആണ്. ഈ അഴുക്ക് നമ്മളെ നമ്മുടെ യഥാർത്ഥ സ്വരൂപം, ആനന്ദ സ്വരൂപം, കാണിക്കാതെ മറയ്ക്കുന്നു.
ഉദാ. ഒരു കുളത്തിൽ ഒരു സ്വർണ്ണമാല കിടക്കുന്നു എന്ന് കരുതുക. എന്നാൽ ആ കുളത്തിലെ ജലം അഴുക്കു നിറഞ്ഞതാണെങ്കിൽ അതിനുള്ളിൽ ഈ മാല കിടക്കുന്നുണ്ട് എങ്കിലും, നമുക്ക് കാണാൻ കഴിയില്ല.. ഇത് പോലെ നമ്മുടെ മനസ്സിലെ മലങ്ങൾ നമ്മുടെ സ്വരൂപത്തിനെ മറയ്ക്കും. *എന്താണ് മലം?* എന്ന് ചോദിച്ചാൽ ഉത്തരം *ശാസ്ത്രത്തിന്റെ ഭാഷയിൽ ” വാസന ” എന്നതാണ്.* പക്ഷേ വാസനയെ കാണാൻ കഴിയില്ല, മറിച്ച് വാസനയുടെ ഫലമായ ” രാഗ – ദ്വേഷങ്ങൾ ” അഴുക്കായി വർത്തിച്ച് നമ്മുടെ സ്വരൂപത്തിന് മൂടൽ ഉണ്ടാക്കുന്നു.
രാഗ – ദ്വേഷങ്ങളെ സാമാന്യ ഭാഷയിൽ പറഞ്ഞാൽ ഒരുവന്റെ സ്വാർത്ഥത എന്ന് മനസ്സിലാക്കാം. *സ്വാർത്ഥതയുടെ ഫലമായി രാഗദ്വേഷം പ്രകടമാവും.* ഒരുവന്റെ ഉള്ളിലെ സ്വാർത്ഥത അയാളെ തന്റെ ലക്ഷ്യത്തിൽ നിന്നും അകറ്റും,മറയ്ക്കും.
*എന്താണ് ഈ സ്വാർത്ഥതയ്ക്ക് ഒരു പരിഹാരം? അതിനൊരു പ്രതിവിധി?*
*സ്വാർത്ഥതയുടെ വിപരീതമായ നിസ്വാർത്ഥത തന്നെയാണ് മാർഗ്ഗം.*
മനസ്സിലെ അഴുക്ക് മാറ്റുവാൻ, സ്വാർത്ഥത ഇല്ലാതെ നിസ്വാർത്ഥമായി കർമ്മം ചെയ്യുക.
ഇതിന് കർമ്മയോഗം എന്നു പറയും. താൻ ചെയ്യുന്ന കർമ്മങ്ങൾ എല്ലാം തന്റെ കർത്തവ്യമാണെന്നും, അത് തന്നിൽ നിന്നും ഉയർന്ന ഒരു ലക്ഷ്യത്തിലേയ്ക്കുള്ള തന്റെ സമർപ്പണം ആണെന്നും, ആ കർമ്മത്തിന്റെ ഫലം എന്ത് തന്നെയാണെങ്കിലും തൃപ്തിയോടെ സ്വീകരിക്കും എന്ന മനോഭാവത്തിൽ ചെയ്യുന്ന കർമ്മത്തിനെ കർമ്മയോഗം എന്നു പറയുന്നു *മനസ്സിലെ മലങ്ങളെ നീക്കാൻ കർമ്മയോഗമാണ് സാധന.*
കർമ്മയോഗത്തിനെ ആചാര്യന്മാർ നമ്മുടെ അറിവിലേക്ക് രണ്ടു പദങ്ങളിലായി സംഗ്രഹിച്ചിരിക്കുന്നു. അതിനെ ഒരു ഗണിത സമവാക്യം ആയി ചിത്രീകരിച്ചാൽ
*കർമ്മയോഗം = ഈശ്വരാർപ്പണ ബുദ്ധി + പ്രസാദബുദ്ധി*
ഇതാണ് കർമ്മയോഗം
ഇവിടെ ഈശ്വരാർപ്പണ ബുദ്ധിയെ പലതലങ്ങളിൽ നമുക്ക് ദർശിയ്ക്കുവാൻ, മനസ്സിലാക്കുവാൻ കഴിയും.
1) ഈശ്വരാർപ്പണ ബുദ്ധിയെന്നാൽ – എന്ത് തന്നെ ചെയ്യുന്നതും ഭഗവാന് വേണ്ടി ആണെന്ന ഭാവത്തിൽ ചെയ്യുക. അതായത് താൻ ഭഗവാന്റെ സേവകനും, എല്ലാ കർമ്മങ്ങളും ഭഗവാന്റെ “സേവ” യും എന്ന ഭാവത്തിൽ.
2. ഭഗവാനെയാണ് നാം ഏറ്റവും കൂടുതൽ ബഹുമാനിയ്ക്കുകയും, ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ചെയ്യുക. അല്ലെങ്കിൽ ബഹുമാനിയ്ക്കപ്പെടേണ്ടതും സ്നേഹിയ്ക്കപ്പെടേണ്ടതും ഭഗവാനെ ആണ്. അങ്ങനെ ഉള്ളപ്പോൾ നാം സ്നേഹത്തോടെയും ബഹുമാനത്തോടെയും ഒരാളോടും മോശമായ ഒരു കാര്യവും ചെയ്യില്ല.
സ്നേഹിയ്ക്കപ്പെടേണ്ട, ബഹുമാനിയ്ക്കപ്പെടേണ്ട ആളുടെ വലിപ്പം, നില കൂടുന്നതനുസരിച്ച് നമ്മുടെ ശ്രദ്ധയും കരുതലും കൂടും…. ഭാഗവാനോളം ഉയരത്തിൽ വേറെ ആരും ഇല്ല എന്നതിനാൽ തന്നെ.
ഈശ്വരാർപ്പണമായി കർമ്മം ചെയ്യുക എന്നാൽ അതിന്റെ താല്പര്യം (implication )
ചെയ്യുന്ന കർമ്മം ഏറ്റവും മികച്ച രീതിയിൽ ചെയ്യുക എന്നതാണ്. നാം ഈശ്വരാർപ്പണമായി ചെയ്യുന്ന കർമ്മം
സ്വാഭാവികമായി മികച്ചതായിരിയ്ക്കും അതിനാൽ കർമ്മയോഗത്തിന്റെ ആദ്യ ഭാഗം എന്നത്
*”തന്റെ മികച്ച കർമ്മം മികവുറ്റ രീതിയിൽ ചെയ്യുക”* എന്നതാണ്.
അടുത്തത്, കർമ്മം ഏതു ഭാവത്തിൽ ചെയ്യുന്നു എന്നതാണ്. *പ്രസാദ ബുദ്ധിയോട് കൂടി നാം കർമ്മം ചെയ്യണം.* ഇവിടെ പ്രസാദ ബുദ്ധിയെന്നാൽ *തന്റെ
കർമ്മത്തിന് എന്ത് തന്നെ ഫലം വന്നാലും, അതിനെ ഭഗവാന്റെ പ്രസാദമായി ക്കണ്ടു സ്വീകരിക്കുക എന്നതാണ്.*
1. അത് കൊണ്ട് കർമ്മഫല ത്യാഗത്തിനാണ് ഊന്നൽ. എല്ലാം ഭഗവാന്റെ പ്രസാദമായി സ്വീകരിയ്ക്കൂ എന്ന് പറയുമ്പോൾ *ജയ പരാജയങ്ങളെ ഒരേ പോലെ കാണാനുള്ള ഒരു മനസ്സ്* വേണമെന്ന് കാണാം.
2. ഒരു കർമ്മത്തിനെ അതിന്റെ ഏറ്റവും നല്ല രീതിയിൽ ചെയ്യാൻ നമ്മളെ പലപ്പോഴും തടസ്സപ്പെടുത്തുന്നത് ആ കർമ്മത്തിൽ നിന്നും നാം നിശ്ചിത ഫലം പ്രതീക്ഷിയ്ക്കുമ്പോഴാണ്. ഫലത്തിനെ പറ്റിയുള്ള പേടി,
ഉത്കണ്ഠ മുതലായവ നമ്മളെ ഒരു കർമ്മം നല്ല രീതിയിൽ ചെയ്യുന്നതിൽ നിന്ന് തടയും. അതിനാൽ എന്ത് തന്നെ വന്നാലും
” ഫലം ” പ്രതീക്ഷിച്ച് കർമ്മം ചെയ്യരുത് എന്ന് ആചാര്യന്മാർ പറയുന്നു.
ഇത് ഉത്തരവാദിത്തമില്ലായ്മ അല്ല മറിച്ച്, “ഈശ്വരാർപ്പണ ബുദ്ധിയും,
പ്രസാദാത്മകതയും” ഉള്ള ഒരാൾക്കേ തന്റെ കർമ്മം പൂർണതയിലേയ്ക്ക് എത്തിയ്ക്കുവാൻ സാധിയ്ക്കൂ എല്ലായ്പ്പോഴും അനുകൂലഫലം ലഭിച്ചില്ല എങ്കിലും തളരാതെ ഈശ്വരാർപ്പണമായി തന്റെ കർമ്മത്തിൽ കൂടുതൽ ഉറപ്പോടുകൂടി ചെയ്യാൻ ഈ ഭാവന സഹായിക്കുന്നു.
*കർമ്മയോഗത്തിലൂടെ – മലം – ആ സ്വാർത്ഥതയുടെ അഴുക്ക് സാധകനിൽ നിന്നും ഇല്ലാതെയാകും.*
*വിക്ഷേപം ആണ് സാധകനെ കുഴയ്ക്കുന്ന മറ്റൊരു പ്രശ്നം*. ഒരു ജലാശയത്തിൽ സ്വർണമാല കിടക്കുന്നുണ്ട് എന്ന് അറിയാമെങ്കിലും ജലത്തിന്റെ തിരയിളക്കം നമ്മെ ആ മാല കാണുന്നതിൽ നിന്നും തടയുന്ന പോലെ മനസ്സിന്റെ തിരയിളക്കം, നാം തന്നെയാണ് ആ ആത്മ ചൈതന്യം എന്ന് നമ്മെ മനസിലാക്കിക്കാതെ പോകുന്നു. തിരയിളക്കം നിലച്ച ജലാശയത്തിൽ എങ്ങനെ ആ മാല ദൃശ്യമാകുമോ അത് പോലെ മനസ്സിലെ തിരയിളക്കം മാറ്റുകയാണ് സാധകർ ആദ്യം വേണ്ടത്.
ആചാര്യന്മാർ ഉപദേശിയ്ക്കുന്നു. മനസ്സിന്റെ ഈ ചഞ്ചലത മാറ്റാൻ ഏറ്റവും നല്ലത്, ഉപാസന അത്രേ. ഉപാസനയ്ക്ക് സാധാരണ അർത്ഥം കൊടുക്കുക,
“അടുത്തിരിയ്ക്കുക” എന്നാണ്. ഔപാസ്യ വസ്തുവിന്റെ അടുത്തിരിക്കുക എന്നതാണ് ഉദ്ദേശിക്കുക. *എന്നാൽ ശാസ്ത്രവിധിപ്രകാരം, നിരന്തരം, ഏകചിന്തയോട് കൂടി, തൈലധാരവത് ( ഇടമുറിയാതെ ) മനസ്സിനെ ഔപാസ്യ വസ്തുവിൽ ഉറപ്പിയ്ക്കുന്ന സാധകൻ ഉപാസനയിലൂടെ ചിത്ത ഏകാഗ്രതയാണ് നേടിയെടുക്കുക.*
ഉപാസനയിൽ തന്നെ ജപത്തിന് വലിയ ഒരു പ്രാധാന്യം വരുന്നത് ഇതിനാലാണ്- ജപത്തിലൂടെ നാം – കായ- വാക് – മനസ്സ് എന്ന നമ്മുടെ കരണങ്ങളെ, ഒരേ താളത്തിൽ ഒരേ തലത്തിലേയ്ക്ക് ഉയർത്തുകയാണ്. ഉപാസനയിൽ ജപത്തിന് ഒരു പ്രത്യേക സ്ഥാനം ഉണ്ട്.
മല-വിക്ഷേപങ്ങൾക്ക് ശേഷം സാദ്ധ്യത്തിൽ നിന്നും സാധകനെ മാറ്റി നിർത്തുന്നത് “ആവരണം” എന്ന ദോഷം ആണ്.
” ആവരണം” എന്നാൽ മറയ്ക്കുക. താൻ തേടുന്ന ആ ആനന്ദം താൻ തന്നെയാണ് – തന്റെ ലക്ഷ്യമായ ‘മോക്ഷം’, അത് താൻ തന്നെ ആണ് എന്നത് ഇപ്പോൾ അറിയാത്തത് ആവരണം എന്ന ദോഷത്തിനാലാണ്. താൻ ആത്മസ്വരൂപം തന്നെ ആണ് എന്ന് നമ്മളിൽ നിന്നും അജ്ഞാനത്തിനാൽ മറയ്ക്കപ്പെട്ടിരിക്കുന്നു. എങ്ങനെ ആവരണ ദോഷത്തിൽ നിന്നും പുറത്ത് കടക്കും? ഇതിന് ആദ്യം വേണ്ടത് താൻ ആരാണെന്ന് അറിയുക എന്നതാണ്. ഇവിടെ അറിയുക എന്നാൽ “അനുഭവിച്ചറിയുകയല്ല” മറിച്ച്, ഒരു പുതിയ വിവരം എന്ന രീതിയിൽ അറിയുകയാണ്. ഒരാൾക്ക് ഇത് വരെ *”ഭാവന ചെയ്യാൻ”* കഴിയാത്തത് ഈ അറിവിൽ കൂടെ സാദ്ധ്യമാകണം. *അതായത് അഭാവന മാറണം.* എങ്ങനെയെന്നാൽ ഗുരു തന്റെ ശിഷ്യന് – *”നീ ആത്മചൈതന്യം ആണ്”* എന്ന ഉപദേശം കൊടുക്കുമ്പോൾ ഇതു വരെ ‘ശരീര മനോ – ബുദ്ധി മാത്രമാണ് താൻ എന്ന് കരുതിയിരിക്കുന്നയാൾക്ക്, ഇതൊരു പുതിയ അറിവാകുകയും ഇത് മൂലം അത് വരെ “ഭാവന” കൂടി ചെയ്യാൻ കഴിയാത്ത ഒരു കാര്യം “ഭാവന”ചെയ്യാൻ ഇദ്ദേഹത്തിന് സാധിയ്ക്കുകയും ചെയ്യും. ഇതിനെ ശ്രവണം എന്ന് പറയുന്നു. *ശ്രവണം നടക്കുമ്പോൾ അഭാവന മാറുന്നു.*
ഗുരുവിൽ നിന്ന് ഉപദേശം ലഭിച്ച്,
“അഭാവന” മാറുമ്പോൾ “ശ്രവണം” നടക്കുന്നു.
അറിയാത്ത ഒരു കാര്യം അറിഞ്ഞു എങ്കിലും, അത് വേണ്ടവിധം നമ്മുടെ ഉള്ളിലേയ്ക്ക് കടന്ന് ചെന്നിട്ടിലായിരിക്കും. *ശ്രവണത്തിൽ കൂടെ അറിഞ്ഞ കാര്യം ശരിയാണ് എന്ന് യുക്തി യുക്തമായി ചിന്തിച്ച് ഉറപ്പാക്കുമ്പോൾ അത് മനനം ആയി.* മനനത്തിലൂടെ, സംഭവിക്കില്ല, ( അസംഭാവന ) എന്ന് നാം കരുതിയിരുന്നത് മാറും. *മനനം ‘അസംഭാവന’ നീക്കും.*
എന്നാൽ യുക്തിയിൽ ഉറച്ച ആ അറിവ് അനുഭവജ്ഞാനം ആയി ഒരു സാധകനിൽ വളർന്നിട്ടുണ്ടാവില്ല. യുക്തിയാൽ അയാൾക്കറിയാം താൻ ദുഖിയ്‌ക്കേണ്ടവനല്ലെന്നും, “സുഖ സ്വരൂപി” യാണെന്നും മറ്റും,
പക്ഷേ ജീവിതദുഃഖം അയാളിൽ
“വിപരീതഭാവനയുടെ” രൂപത്തിൽ – അറിഞ്ഞതിന്റെ വിപരീതമായി വർത്തിച്ച്, യുക്തിയിൽ ഉറച്ച അറിവിൽ നിൽക്കാൻ സാധിയ്ക്കാതെ വരുത്തും. ഇവിടെ ഈ സാധകൻ നിധിദ്ധ്യാസനം അഥവാ ധ്യാനം പരിശീലിയ്ക്കണം.
*നിധിദ്ധ്യാസനത്തിലൂടെ ഈ വിപരീത ഭാവനയും ഇല്ലാതെ ആവും.* ഇത് നശ്വരമായ ജഗത്തല്ല, പഞ്ചഭൂത നിർമ്മിത
ജഡമല്ല മറിച്ച് താൻ ചിദാനന്ദരൂപമായ ശിവം തന്നെയാണ് എന്ന് അറിയും – അനുഭവ ജ്ഞാനം ഉണ്ടാവും. *സാധകനെ സാദ്ധ്യത്തിലേയ്ക്ക് നയിക്കുന്ന “ശ്രവണ – മനന നിധിദ്ധ്യാസനം” അന്തരംഗ സാധനയെന്ന് പറയുന്നു. അതേ പോലെ അദ്ധ്യാത്മിക പാതയിൽ ഏറ്റവും ആവശ്യമായി വേണ്ടുന്ന ” ചിത്ത ശുദ്ധിയ്ക്കായുള്ള കർമ്മയോഗവും, ” ചിത്ത ഏകാഗ്രതയ്‌ക്കായുള്ള ” ഉപസനാദികളും ബഹിരംഗ സാധനകൾ എന്നും അറിയപ്പെടുന്നു.*
ചിത്തശുദ്ധി – ചിത്ത ഏകാഗ്രത- ശ്രവണ – മനന – നിധിദ്ധ്യാസനത്തിലൂടെ ഇപ്പോൾ, വെറും
ബദ്ധനാണ്, എന്ന് കരുതുന്നവനെ താൻ നിത്യ-ശുദ്ധ-ബുദ്ധ )-മുക്ത-സ്വരൂപമാണ്, എന്ന ബോധത്തിലേയ്ക്ക്, അനുഭവത്തിലേയ്ക്ക് സാധനകൾ ഉയർത്തും ഈ സാധനകളിലൂടെ സാദ്ധ്യതയിലേയ്ക്ക്,ക്ഷേമ പദത്തിലേയ്ക്ക്
എത്തുകയാണ് എന്നാണ് ഏതൊരാളുടെയും ജീവിത ലക്ഷ്യം.
ഹരി ഓം
Leave a comment