What we have!!!

HOMENEW2

കിട്ടിയതും കൊടുത്തതും രണ്ടു തരം അവസ്ഥകൾ നമുക്കുണ്ടാകാറുണ്ട്. കിട്ടിയത് എന്തെന്ന് അറിയാത്ത അവസ്ഥ ഒന്ന്. കൊടുത്തത് എന്തെന്ന് അറിയാത്ത അവസ്ഥ മറ്റൊന്ന്. ഇതിനെക്കുറിച്ച് നമുക്കൊന്ന് വിശദീകരിച്ചു ചിന്തിക്കാം. കിട്ടിയത് എന്തെന്ന് അറിയാത്ത അവസ്ഥ എന്നാല്‍ എന്താണ്? നമുക്ക് ഇപ്പോള്‍ എന്തൊക്കെ കിട്ടിയിട്ടുണ്ട്. കിട്ടിയതിനെ കുറിച്ചെല്ലാം നാം എപ്പോഴെങ്കിലും വിശദീകരിച്ചു ചിന്തിക്കാറുണ്ടോ? നമുക്ക് ജീവിക്കാനായി ഒരു ഭൂമി കിട്ടിയിരിക്കുന്നു. നാമിവിടെ സ്വതന്ത്രമാണ്. പക്ഷെ, സ്വാതന്ത്ര്യത്തെ കുറിച്ച് അറിയാതെ നാം സ്വയം അസ്വതന്ത്രരായി ജീവിക്കുന്നു. കിട്ടിയത് അറിയാതെ കരയുകയാണ് നാം. ഒരു മനുഷ്യന്‍ ദാഹാർത്തനായി ഒരിടത്ത് നിൽക്കുന്നു. തിരിഞ്ഞു നോക്കിയാല്‍ തെളിഞ്ഞ ജലമുള്ള ഒരു നദി കാണാവുന്നതാണ്. പക്ഷേ, അയാള്‍ നദി കാണുന്നില്ല. അടഞ്ഞു കിടക്കുന്ന ഒരു വാതിലിന് മുന്നില്‍ നിന്ന് ഒരാള്‍ മുട്ടികൊണ്ടിരിക്കുന്നു. ഒൻപതു വാതിലുകള്‍ മറുവശത്ത് തുറന്നു കിടപ്പുണ്ട്. കിട്ടിയത് എന്തെന്ന് അറിയാത്തവരാണ് ഭൂരിഭാഗവും. ഒരു ഗായകന്റെ കഥ കേട്ടിട്ടുണ്ട്. ജീവനക്കാൻ ആവശ്യമായ ധനം കിട്ടണമെന്ന് അയാള്‍ക്ക് മോഹമുണ്ട്. ഗായകനെങ്കിലും നിത്യ വൃത്തിക്ക് വേണ്ടുന്ന ധനം അയാളുടെ കൈയില്‍ ഇല്ല. രാജാവ് ഒരു നല്ല മനുഷ്യനാണ് എന്ന് കേട്ടിട്ടുണ്ട്. കലാകാരന്മാരെ അദ്ദേഹത്തിന് ഇഷ്ടമാണ്. ഇത്തരം ഒരു പശ്ചാത്തലത്തില്‍ രാജാവിനെ ചെന്നു കാണുന്നത് നല്ലതാണെന്ന് പലരും ഉപദേശിച്ചു. അങ്ങനെ ഗായകന്‍ കൊട്ടാരത്തിലെത്തി. താനൊരു ഗായകനാണെന്നും ഉപജീവനത്തിനായി എന്തെങ്കിലും സ്ഥിരമായി ചെയ്തു തന്നാല്‍ കൊള്ളാമെന്നും അയാള്‍ പറഞ്ഞു. രാജാവ് അധികം സംസാരിക്കുന്ന പ്രകൃതക്കാരനല്ല. രാജാവ് ഒരിടത്ത് ശ്രദ്ധാപൂര്‍വം ഇരുന്നു. പാട്ടുകേള്‍ക്കാൻ തയ്യാറായിട്ടാണ് അദ്ദേഹം ഇരിക്കുന്നത് എന്ന് മന്ത്രി ഗായകനോട് പറഞ്ഞു. ഗായകന്‍ പാടാന്‍ തുടങ്ങി. ഹൃദയ ദ്രവീകരണ ശക്തിയുള്ള രാഗത്തിലാണ് അയാള്‍ പാടിയത്. ഗന്ധർവ്വന്മാർ പുഷ്പവൃഷ്ടി നടത്തും വിധം മനോഹരമായ ഗാനം. രാജാവിന് സന്തോഷമായി. അദ്ദേഹം കൈയടിച്ചു. ഈ ഗാനം അദ്ദേഹത്തെ കീഴടക്കി എന്നതാണ് സത്യം. ഗായകന്‍ വിനയാന്വിതനായി രാജാവിനോട് തൻ്റെ ആവശ്യം ഉന്നയിച്ചു. ശ്രദ്ധാപൂര്‍വം അത് കേട്ടശേഷം തെക്കുഭാഗത്തേക്ക് ഒന്നു സൂക്ഷിച്ചു നോക്കി. തുടര്‍ന്ന് ഒന്നും പറയാതെ പോകുകയും ചെയ്തു. ഗായകന് സങ്കടമായി. ഇതിനെയാണ് നാം കിട്ടിയതെന്തെന്ന് അറിയാത്തവൻ എന്ന് പറയുന്നത്. എനിക്ക് രാജാവ് ഒന്നും തന്നില്ലല്ലോ എന്ന് പറഞ്ഞു സങ്കടപ്പെടുകയാണ് ഗായകന്‍. മന്ത്രി അദ്ദേഹത്തോട് ചോദിച്ചു, "നിങ്ങള്‍ എന്തിനാണ് കരയുന്നത്? നിങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ എന്താണ് തരേണ്ടത്?" ഗായകന്റെ സങ്കടം ഇരട്ടിച്ചു. "എനിക്ക് എന്തു കിട്ടിയെന്നാണ് പറയുന്നത്?" ഇതിനു മറുപടിയായി മന്ത്രി ഇങ്ങനെ പറഞ്ഞു, "കിട്ടിയത് എന്തെന്ന് ഒട്ടും അറിയാത്ത ഒരു വ്യക്തിയാണ് താങ്കള്‍. രാജാവ് തെക്കുഭാഗത്തേക്ക് നോക്കിയതിൻ്റെ അർത്ഥം നിങ്ങള്‍ക്ക് മനസ്സിലായില്ല. ആ പ്രദേശം ഇന്നുമുതല്‍ നിങ്ങളുടേത് ആയിരിക്കുന്നു എന്നതാണ് അതിനർത്ഥം. രാജാവ് ആ സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുന്നു. " ഗായകന് സന്തോഷമായി. കിട്ടിയത് എന്തെന്ന് അയാള്‍ അറിഞ്ഞു. ഇനി കൊടുത്തത് എന്തെന്ന് അറിയാത്തവരുടെ കാര്യം ആലോചിക്കുക. നാണമില്ലാതെ നാം ഒരാളോട് പണം ഇരക്കുന്നു. അയാള്‍ നമുക്ക് എന്തെങ്കിലും തന്നു എന്ന് കരുതുക. നാം ഒന്നും കൊടുത്തിട്ടില്ല എന്ന് കരുതരുത്. നമ്മുടെ അഭിമാനം നാം അയാളുടെ മുന്നില്‍ പണയം വച്ചിരിക്കുന്നു. സദസ്സില്‍ നാം അശ്ലീലം പറയുമ്പോള്‍ ചിലരൊക്കെ ചിരിക്കുന്നു. നാം എന്തൊക്കെ കൊടുത്തതെന്ന് നാം അറിയുന്നില്ല. അവിടേയും നാം പലതും നഷ്ടപ്പെടുത്തിയിട്ടുണ്ട്. സ്വയം അറിയാത്ത എത്ര എത്ര നഷ്ടങ്ങളാണ് നമുക്ക് വരുന്നത്. സിഗരറ്റ് വലിക്കുമ്പോള്‍ നാം ഒന്നും കൊടുത്തിട്ടില്ല എന്നാണോ വിചാരിക്കുന്നത്. സിഗരറ്റിന്റെ വില മാത്രമല്ല കൊടുത്തിരിക്കുന്നത്. ആരോഗ്യത്തിൽ നിന്നും ഒരു അംശം നാം കൊടുത്തു കഴിഞ്ഞിരിക്കുന്നു. ആയുസ്സിന്റെ ഒരു ഭാഗവും കൊടുത്തിരിക്കുന്നു. കൊടുത്തത് എന്തെന്ന് അറിയാത്തവരും കിട്ടിയത് എന്തെന്ന് അറിയാത്തവരും മൂഢരാണ്. നമുക്ക് സമർഥരാകണം. അതിന് കിട്ടിയത് എന്തൊക്കെ എന്ന് അറിഞ്ഞേ പറ്റൂ. അതുമാതിരിത്തന്നെ കൊടുത്തവ ഏതൊക്കെ എന്നും അറിയണം.

Leave a comment

Design a site like this with WordPress.com
Get started