“ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ” !!!
ഈ പതിനാറു നാമങ്ങളും കലികല്മഷത്തെ നശിപ്പിക്കുന്നു. ഇതിലും മെച്ചമായ മാർഗ്ഗം വേദശാസ്ത്രാദികളിൽ പോലും ഇല്ല.
ഈ നാമത്തിന്റെ സഹായത്താൽ ഷോഡശാകലാസമ്പന്നനായ ജീവന്റെ ആവരണം വിച്ഛേദിക്കപ്പെടുന്നു. മേഘനിർമുക്തനായ സൂര്യൻ അധികം പ്രകാശത്തോടുകൂടി ശോഭിക്കുന്നതു പോലെ ആ പരബ്രഹ്മത്തിന്റെ യഥാർത്ഥസ്വരൂപം അപ്പോഴാണ് സ്പഷ്ടമായി പ്രതിഭസിക്കുന്നത്.
ഈ നാമജപത്തിന് പ്രത്യേകിച്ച് വിശേഷവിധിയൊന്നുമില്ല. പരിശുദ്ധമോ അപരിശുദ്ധമോ ആയ ഏതവസ്ഥയിലും ഈ നാമം ജപിക്കാവുന്നതാണ്. ഈ നാമ രൂപ വൈഭവത്താൽ നാലു വിധത്തിലുള്ള മുക്തിയും കൈവരുന്നു.
സാലോക്യ, സാമീപ്യ, സാരൂപ്യ, സായൂജ്യ മുക്തികൾ,
സാലോക്യം:- സമാനമായുള്ള ലോകത്തോടു കൂടിയവനായി – ഈശ്വരന്റെ ലോകത്തുകൂടെ പാർക്കുക.
സാമീപ്യം:- ഈശ്വരന്റെ സമീപത്തിരിക്കുക.
സാരൂപ്യം:- ഈശ്വരന്റെ സ്വരൂപം പോലെ ആവുക.
സായൂജ്യം:- ഈശ്വരന്റെ രൂപത്തിൽ( ജലത്തിൽ ജലം പോലെ) കലർന്നിരിക്കുക.
ഈ നാമമന്ത്രം മൂന്നരകോടി ജപിച്ചാൽ സാധകൻ ബ്രഹ്മഹത്യപാപത്തിൽ നിന്നും നിർവൃത്തനായിത്തീരുന്നു. അവൻ വീരഹത്യാപാപവിമുക്തനായി ഭവിക്കുന്നു, സുവർണ്ണമോക്ഷണപാപത്തിൽ നിന്നും വിമുക്തനായി തീരുന്നു. സർവ്വധർമ്മപരിത്യാഗജന്യമായ പാപത്തിൽ നിന്നും ഉടൻ തന്നെ മോചനം ലഭിക്കുന്നു. അതിശീഘ്രം നിർവൃത്തനായി തീരുന്നു.
Leave a comment