*ഹരിഃഓം, ശ്രീ ഗുരുഭ്യോ നമഃ*
*ഈശാവാസ്യോപനിഷത്ത് 5*
(Class on 26/07/2020)
*മന്ത്രം.11* *വിദ്യാം ച അവിദ്യാം ച യ*
*സ്തത് വേദോ ഭയം സഹ*
*അവിദ്യയാ മൃത്യും തീർത്ത്വാ*
*വിദ്യയാഽമൃതമശ്നുതേ.*
വിദ്യയും അവിദ്യയേയും ഒരുമിച്ചു അനുഷ്ഠിക്കേണ്ടാതാണെന്ന് അറിയുമ്പോള്‍ അവിദ്യകൊണ്ട് മൃത്യുവിനെ ജയിച്ചിട്ട് വിദ്യകൊണ്ട് അമൃതത്വത്തെ പ്രാപിക്കുന്നു.
ഇപ്പോള്‍ ഇവിടെ നമ്മുടെ പരാമര്‍ശിത വിഷയം വിദ്യയും അവിദ്യയുമാണ്. ഇതില്‍ അവിദ്യ എന്നുപറഞ്ഞാല്‍ കര്‍മ്മവും വിദ്യ എന്ന് പറഞ്ഞാല്‍ ഉപാസനയുമാകുന്നു. വൈദീകകര്‍മ്മങ്ങളാകുന്ന വിപുലമായ കര്‍മ്മ മേഖലയെയാണ് ഇവിടെ അവിദ്യ എന്ന് പറഞ്ഞിരിക്കുന്നത്. ഈ കര്‍മ്മത്തെ അനുഷ്ഠിച്ചാല്‍ ഒരാള്‍ക്ക് സ്വര്‍ഗത്തില്‍ എത്താനാകും. കര്‍മ്മങ്ങളെക്കുറിച്ച് അറിഞ്ഞാല്‍ മാത്രംപോര നന്നായി അനുഷ്ഠിക്കുകയും വേണം. ഇവിടെ സ്വര്‍ഗ്ഗം എന്ന് പറയുന്നത് ഒരു ലക്ഷ്യസ്ഥാനമാണ്. ഈ ലോകത്തുള്ള സുഖസൌകര്യങ്ങള്‍ നേടുക എന്നൊരു ലക്‌ഷ്യം നമുക്കുണ്ട്. ഇവിടെയുണ്ടാകുന്ന ദുരിതങ്ങളെല്ലാം ഒഴിവാക്കികിട്ടുക എന്നതും ആ ലക്ഷ്യത്തിന്‍റെ ഒരു ഭാഗംതന്നെയാണ്. ഇഹലോക സുഖത്തോടോപ്പംതന്നെ ഈ ലോകത്ത് ആയുസ്സ് ആരോഗ്യം എന്നിവയും നമുക്കുണ്ടാകുക എന്നതും നമ്മുടെ ലക്ഷ്യമാണ്.
ഈ ലോകത്തില്‍ നമുക്കൊക്കെ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒരു ജീവിതകാലഘട്ടമുണ്ട്. അത്രയുംകാലം മാത്രമേ നമുക്കിവിടെ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. ചില വര്‍ഷങ്ങള്‍കൂടി നമുക്ക് ജീവിതം നീട്ടിക്കിട്ടി എന്നിരുന്നാല്‍തന്നെയും ആ കാലത്തെ അല്‍പ്പം എന്നുമാത്രമേ നമുക്ക് വിശേഷിപ്പിക്കാന്‍ സാധിക്കൂ. അനന്തമായ കാലദൈര്‍ഘ്യത്തെ പരിഗണിക്കുമ്പോള്‍ അഞ്ചു വര്‍ഷം കൂടുതല്‍ ജീവിക്കുക എന്നതും അമ്പതു വര്‍ഷം കൂടുതല്‍ ജീവിക്കുക എന്നതും തുച്ഛമായ ഒരു കാലഘട്ടമാണ്. എന്നാല്‍ തുച്ഛമായ ഈ കാലഘട്ടംവരെ വെറുതെ ഭൂമിയില്‍ ജീവിക്കുക എന്നതുമാത്രമല്ല ജീവിതം. ജീവിതം എന്നുപറയുന്നത് വലിയൊരു തുടര്‍ച്ചയാണ്. എവിടെനിന്നോവന്നൂ എങ്ങോട്ടോ പോകുന്നൂ എന്നതല്ല നാം കാണേണ്ടത്. മുമ്പു ജീവിച്ചിരുന്നയിടത്തുനിന്നും നാം വന്നു, ഇപ്പോള്‍ ഈ ലോകത്തുനാം ജീവിക്കുന്നു, ഇതിനുശേഷം നാം മറ്റെവിടെയോ ഒരിടത്തേക്ക് ജീവിക്കുവാനായി പോകും. ഇതൊരു യാത്രപോലെയാണ്. ഒരിടത്തുനിന്നും വന്നു, ഇവിടെ കുറച്ചുകാലം ജീവിക്കുന്നു, തുടര്‍ന്ന് മറ്റൊരിടത്തേക്കോ, അതല്ലെങ്കില്‍ വന്നയിടത്തേക്കുതന്നെയോ തിരിച്ചുപോകുന്നു. ഈ യാത്രയില്‍ ഇവിടെ നാം എത്തിച്ചേര്‍ന്നു. ഇവിടെനിന്നും മറ്റൊരിടത്തേക്കുപോയി ഒന്നുകില്‍ മനുഷ്യനായിട്ടുതന്നെ ജീവിക്കാം. അതല്ലെങ്കില്‍ ദേവനായിട്ടു ജീവിക്കാം, അസുരനായിട്ടും ജീവിക്കാം. അതുമല്ലെങ്കില്‍ മൃഗങ്ങളായി, പക്ഷികളായി ഒക്കെ ജീവിക്കാന്‍ സാധ്യതയുള്ള ഒരു രീതിയിലാണ് നമ്മുടെ ഈ യാത്ര.
ഭാരതീയ സംസ്കൃതിയുടെയും ആധ്യാത്മീകതയുടെയും ഒരു അവിഭാജ്യ ഘടകമാണ് പുനര്‍ജന്മം. നമ്മുടെ ആദ്ധ്യാത്മീക പഠനങ്ങള്‍ഒന്നുംതന്നെ ആധുനീകശാസ്ത്രത്തിന്‍റെ അടിസ്ഥാനം വച്ചുകൊണ്ടുള്ളതല്ല. ആധുനീക ശാസ്ത്രം പഠിച്ചിട്ടുവരുന്നവര്‍ പുനര്‍ജന്മം എന്നുപറഞ്ഞാലൊന്നും സമ്മതിക്കണം എന്നില്ല. അതിനാല്‍ ആധുനീകശാസ്ത്രത്തെ താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു ആദ്ധ്യാത്മീകപഠനമോ, അതല്ലെങ്കില്‍ അതിന്‍റെ തുടര്‍ച്ച എന്നുള്ളതരത്തിലുള്ള ഒരു ആദ്ധ്യാത്മീകപഠനമോ അല്ല നമുക്കുള്ളത്. നാം ആധുനീക സയന്‍സിനെ അങ്ങിനെത്തന്നെ മാറ്റിവച്ചിട്ടാണ് ആദ്ധ്യാത്മീകശാസ്ത്രം പഠിക്കുന്നത്. അതേപോലെ നമ്മുടെ അനുഭവങ്ങളും നാം മാറ്റിവക്കുന്നു. ഇത്രയേറെ അനുഭവം എനിക്കുണ്ട് അതിനാല്‍ ഞാന്‍ അധ്യാത്മീകശാസ്ത്രം പഠിക്കാന്‍ യോഗ്യനാണ് എന്നൊന്നും നമുക്ക് അവകാശപ്പെടാന്‍ പറ്റുകയില്ല. ആധുനീകശാസ്ത്രം ധാരാളം പഠിച്ചിട്ടുണ്ട് എന്നത് ആദ്ധ്യാത്മീക ശാസ്ത്രം പഠിക്കാനുള്ള യോഗ്യതയല്ല. “ശ്രദ്ധ” എന്നത് ഉള്ളയാള്‍ക്കാണ് ആദ്ധ്യാത്മീകശാസ്ത്രപഠനം തുടങ്ങാനുള്ള യോഗ്യതയുള്ളത്. ഈയൊരു വസ്തുത കഠോപനിഷത്തില്‍ നമുക്ക് കാണാവുന്നതാണ്.
എട്ടോ, ഒന്‍പതോ വയസ്സുള്ള ഒരു ബാലനായിരുന്നു നചികേതസ്സ്. സ്വന്തം പിതാവുചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലത്തെക്കുറിച്ച് ആ ബാലന്ന് ഒരു ആകാംക്ഷ ഉണ്ടാകുന്നു. തന്‍റെ പിതാവ് ദാനം ചെയ്യുന്ന പശുക്കളുടെ ഗുണത്തെക്കുറിച്ചും ആ ദാനം സ്വീകരിക്കുന്നവര്‍ക്ക് പിന്നീടുണ്ടാകുന്ന മാനസീക വ്യഥയെക്കുറിച്ചും, ആ വ്യഥയുടെഫലമായി പിതാവിന്നു വന്നുചേരുന്ന പാപത്തെക്കുറിച്ചുമൊക്കെയുള്ള ഒരു ചിന്ത ആ ബാലന്‍റെ മനസ്സില്‍കൂടി കടന്നുപോയി. മരണാനന്തരം സ്വന്തം പിതാവിനു വന്നുഭവിക്കുന്ന പാപബാധയെക്കുറിച്ച് ആ ബാലന്‍ ചിന്തിച്ചു. സ്വര്‍ഗ്ഗപ്രാപ്തിയെ ഉദ്ദേശിച്ചു നടത്തിയ ഈ യജ്ഞത്തിന്‍റെ ഫലമായി സ്വര്‍ഗ്ഗം ലഭിക്കാതെപോകുന്നതിനെക്കുറിച്ചും, ആവിധത്തില്‍ ആത്മാവ് മറ്റൊരിടത്തേക്ക് പോകുന്നൂ എന്നുമുള്ളചിന്ത ബുദ്ധിയിലൂടെ കടന്നുപോയപ്പോഴാണ് അവനു ശ്രദ്ധ ഉണ്ടായത്. ആ ശ്രദ്ധയുടെ ഫലമായാണ് അവന്‍ ആദ്ധ്യാത്മീകജ്ഞാനത്തിലേക്ക് എത്തിപ്പെടുന്നത്. അതിനാല്‍ നമുക്ക് എത്രത്തോളം ആധുനീക ശാസ്ത്രങ്ങളില്‍ പാണ്ഡിത്യമുണ്ട് എന്നുള്ളതല്ല, പകരം ആത്മസംബന്ധമായ വിഷയങ്ങളില്‍ എത്രമാത്രം ശ്രദ്ധയുണ്ട് എന്നുള്ളതാണ് നമുക്ക് ഇവിടെ ആവശ്യം. ജനിച്ച് ജീവിച്ച് മരിച്ചുപോകുന്ന ആത്മാവിനെ സംബന്ധിച്ചുള്ള വിഷയത്തില്‍, അവ്യക്തമായ കാര്യത്തില്‍, വ്യക്തതവരുത്തണം എന്നുദ്ദേശിക്കുന്നവിധത്തില്‍, നമുക്ക് ശ്രദ്ധയുണ്ട് എങ്കില്‍ നാം ആദ്ധ്യാത്മീകശാസ്ത്രം പഠിക്കാന്‍ യോഗ്യരാണ്.
ഇപ്രകാരം സൂചിപ്പിച്ചതായ ശ്രദ്ധയോടുകൂടിയവനാണ് യജ്ഞം ചെയ്യുന്നത്. ഈ ലോകം വിട്ടുപോയശേഷം കൂടുതല്‍ സുഖവാസം അനുഭവിക്കാന്‍ സാധ്യമായിട്ടുള്ള സ്വര്‍ഗ്ഗലോകം പോലെയുള്ള ഒരിടത്തേക്ക് എത്തിച്ചേരുന്നു, എന്നുള്ള മനസ്സിന്‍റെയും ബുദ്ധിയുടേയും പോക്കിനെയാണിവിടെ ശ്രദ്ധ എന്നുപറയുന്നത്. അതിനാല്‍ ശ്രദ്ധകൊണ്ട് ഒരുവന്‍ യജ്ഞംചെയ്യുന്നു. അതിലൂടെ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്നു. ഇപ്രകാരം സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുക എന്നതാണ് ലക്ഷ്യം. അതിനുള്ള മാര്‍ഗ്ഗമാണ് അവിദ്യ അഥവാ കര്‍മ്മം എന്നാണ് പറഞ്ഞിരിക്കുന്നത്. അവിദ്യ അഥവാ കര്‍മ്മം കൊണ്ട് കിട്ടാവുന്നത് എന്താണ് എന്ന് മുണ്ഡകോപനിഷത്തിലും പരാമര്‍ശിക്കുന്നുണ്ട്.
*“അവിദ്യായാം ബഹുധാ വര്‍ത്തമാനാഃ*
*വയം കൃതാര്‍ത്ഥാ ഇത്യഭിമന്യന്തി ബാലാഃ*
*യത് കര്‍മ്മിണോ ന പ്രവേദയന്തി രാഗാത്*
*തേനാതുരാഃ ക്ഷീണലോകാശ്ച്യവന്തേ.”* (മുണ്ഡകം I, 2-9)
അതായത്, അവിദ്യയില്‍ വര്‍ത്തിക്കുന്നവര്‍ എല്ലാം അനുഷ്ഠിച്ചവരാണ് എന്നൊരു ബുദ്ധിവെക്കുന്നുണ്ട് എങ്കിലും അവര്‍ കര്‍മ്മഫലം ക്ഷയിച്ചവരായി സ്വര്‍ഗ്ഗത്തില്‍നിന്നും പതിക്കുന്നു. അതെപോലെത്തന്നെ മുണ്ഡകത്തില്‍ അടുത്തമന്ത്രത്തില്‍ ഇപ്രകാരം പറയുന്നു.
*“ഇഷ്ടാപൂര്‍ത്തം മന്യമാനാഃ വരിഷ്ഠം*
*നാന്യത് ശ്രേയോ വേദയന്തേ പ്രമൂഢാഃ*
*നാകസ്യ പൃഷ്ഠേ തേ സുകൃതേഽനുഭൂത്വാ*
*ഇമം ലോകം ഹീനതരം വാ വിശന്തി.”* (മുണ്ഡകം I, 2-10)
നാകം എന്നുപറഞ്ഞാല്‍ സ്വര്‍ഗ്ഗലോകം എന്നാണ് അർത്ഥം. അവിദ്യയെ അനുഷ്ഠിച്ചവര്‍ സ്വര്‍ഗ്ഗലോകത്തിന്‍റേയും ഉപരിയായിട്ടുള്ള ഏറ്റവും ഉത്കൃഷ്ടമായ ലോകത്ത് എത്തിയിട്ട്, അവിടെയുള്ള സുഖസൌകര്യങ്ങളെ മുഴുവന്‍ ആസ്വദിച്ചതിനുശേഷം, ഒരുകാലഘട്ടമെത്തിക്കഴിഞ്ഞാല്‍ കര്‍മ്മഫലങ്ങളൊക്കെ ക്ഷയിച്ച് സ്വര്‍ലോകത്തുനിന്നും പതിച്ചുപോകുന്നു. ഇപ്രകാരം അവിദ്യ എന്താണെന്നും അവിദ്യയുടെ ഫലം എന്താണെന്നും, അവിദ്യയുടെ പരിസമാപ്തി എന്താണെന്നും, എന്നുമൊക്കെയുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായി വേദങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഇതില്‍നിന്നും വ്യത്യസ്തമായി വിദ്യയുടെ ഫലത്തെക്കുറിച്ച് പറയുന്നു. വിദ്യ എന്നുപറഞ്ഞാല്‍ ഉപാസനയാണ് എന്ന് നമ്മള്‍ കണ്ടു. ഉപാസനയുടെ ഫലമായും സ്വര്‍ഗ്ഗത്തില്‍ തന്നെയാണോ എത്തുന്നത്, അതല്ല അതിലും ഉപരിയായ സ്ഥലത്താണോ എത്തുന്നത്? തീര്‍ച്ചയായും ഉപാസന ജനിപ്പിക്കുന്ന പുണ്യംകൊണ്ടും സ്വര്‍ഗ്ഗത്തില്‍ എത്താം. അവിദ്യയാകുന്ന കര്‍മ്മത്തിന്‍റെ ഫലമായി പാപം നശിക്കുന്നു. വിദ്യയാകുന്ന ഉപാസനയുടെ ഫലമായി പുണ്യാധീക്യമുണ്ടാകുന്നു. അപ്പോള്‍ അവിദ്യയാകുന്ന കര്‍മ്മവും, വിദ്യയാകുന്ന ഉപാസനയും രണ്ടുംകൂടി ഒന്നിച്ചനുഷ്ഠിച്ചാല്‍ പാപങ്ങള്‍ നശിക്കുകയും പുണ്യാധീക്യമുണ്ടാകുകയും തല്‍ഫലമായി ബ്രഹ്മലോകപ്രാപ്തി നേടുകയും ചെയ്യുന്നു. ഇപ്രകാരം ബ്രഹ്മലോകപ്രാപ്തി നേടിക്കഴിഞ്ഞാല്‍ എന്താണ് ലഭിക്കുക?
സ്വര്‍ഗ്ഗലോകത്തിനും ഉപരിയായിട്ടുള്ള ലോകങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. സ്വര്‍ഗ്ഗലോകത്തിന് ഉപരിയായി ജനലോകം, തപോലോകം തുടങ്ങിയ ലോകങ്ങള്‍ ഉണ്ട്. ഇതിന്‍റെ ഏറ്റവും ഉത്കൃഷ്ടമായ സ്ഥലത്താണ് ബ്രഹ്മലോകം സ്ഥിതിചെയ്യുന്നത്. ബ്രഹ്മലോകത്തിനു സമാനമായി നില്‍ക്കുന്നതാണ് വൈകുണ്ഠം, കൈലാസം, ഗോലോക് വൃന്ദാവന്‍ തുടങ്ങിയവ. ഉപാസനയുടേയും വൈദീകകര്‍മ്മങ്ങളുടെയും ഫലമായി പരിപക്വമായി ഒരുവന്‍ ഈ ലോകങ്ങളില്‍ എത്തിക്കഴിഞ്ഞാല്‍, അവിടെയും സുഖമനുഭവിച്ചുകഴിയാം. ഇതും ഒരു ലോകംതന്നെയാണ്. ഇവിടെയും ശാപംകിട്ടി ഒരു അസുരനായി ജനിക്കുവാനുള്ള സാധ്യത കാണുന്നുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് രാമായണം. മഹാവിഷ്ണുവിന്‍റെ പാര്‍ഷദന്മാരായ, അതായത് സ്വന്തം കാവല്‍ക്കാരായ, ജയനും വിജയനുമാണ് രാവണനും, കുംഭകര്‍ണ്ണനുമായി ജനിക്കുന്നത്. ഇപ്രകാരം ഓരോ അസുരന്മാരുടെയും പൂര്‍വ്വവൃത്താന്തം നോക്കിയാല്‍ അവരൊക്കെ ഓരോ ദേവന്മാരോ അതിനുതുല്യരോ ആയിരിക്കും എന്ന് കാണാവുന്നതാണ്.
ഇവര്‍ ഒരു ലോകത്തില്‍നിന്നും മറ്റൊരുലോകത്തേക്കും, തുടര്‍ന്ന് വേറൊരുലോകത്തേക്കും പോകുന്നു. ഇപ്രകാരം ലോകങ്ങളില്‍നിന്നും ലോകങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു ജീവാത്മാവിനെക്കുറിച്ച് യാതൊരുവന് ശ്രദ്ധയുണ്ടോ, അപ്രകാരം ശ്രദ്ധയുള്ളവനാണ് ആദ്ധ്യാത്മീകപഠനത്തിന്ന് അധികാരി. ദേശത്തില്‍നിന്നും നാം ദേശങ്ങളിലേക്ക് സഞ്ചരിക്കുന്നതുപോലെ ലോകങ്ങളില്‍നിന്നും ലോകങ്ങളിലേക്ക് സഞ്ചരിക്കുന്നയാളെയാണ് സംസാരി എന്നുപറയുന്നത്. ഈ ലോകംതൊട്ടു ബ്രഹ്മലോകം വരേയും, ബ്രഹ്മലോകം തൊട്ടു പാതാളം വരെയും സഞ്ചരിക്കുന്നവാനാണ് സംസാരി. ഇതാണ് അവിദ്യയും വിദ്യയും ഒന്നിച്ചനുഷ്ഠിച്ചാലുള്ള ഫലം. ഇതിനെക്കുറിച്ച് മുണ്ഡകോപനിഷത്തിലും പറയുന്നുണ്ട്.
*“തപഃശ്രദ്ധേ യേഹ്യുപവസന്ത്യരണ്യേ*
*ശാന്താ വിദ്വാംസോ ഭൈക്ഷ്യചര്യാം ചരന്തഃ*
*സൂര്യദ്വാരേണ തേ വിരജാഃ പ്രയാന്തി*
*യാത്രാമൃതഃ സ പുരുഷോ ഹ്യവ്യയാത്മാ”* (മുണ്ഡകം I, 2- 11)
കര്‍മ്മങ്ങളും ഉപാസനകളുമൊക്കെ ചെയ്ത് പൂര്‍ണ്ണമായും പാപരഹിതനായും, പൂര്‍ണമായും പുണ്യത്തെ ആര്‍ജിച്ചവനുമായ വ്യക്തി, രജസ്സ്, കല്‍മഷം ഒക്കെയില്ലാത്തവനായി, ശുദ്ധഹൃദയത്തോടുകൂടിയവനായി ബ്രഹ്മലോകത്തിലേക്ക് അഥവാ ഹിരണ്യഗര്‍ഭലോകത്തിലേക്ക്, സൂര്യദ്വാരത്തിലൂടെ, അതായത് രശ്മികളിലൂടെ എത്തിച്ചേരുന്നു എന്നാണ് ഈ മന്ത്രത്തില്‍ പറയുന്നത്.
ഇപ്രകാരമാണ് വിദ്യയേയും, അവിദ്യയേയും ചേര്‍ത്തുവച്ച് ഉപാസിക്കുന്നവന്‍റെ ഗതി എന്നാണ് മന്ത്രത്തില്‍ പറയുന്നത്. “വിദ്യാം ച അവിദ്യാം ച”, വിദ്യയും അവിദ്യയേയും രണ്ടുംകൂടി ഒരുമിച്ചു ചേര്‍ത്തുവച്ചുകൊണ്ട് മുമ്പോട്ടുപോകുന്നയാള്‍ “അവിദ്യയാ മൃത്യും തീർത്ത്വാ”, അവിദ്യകൊണ്ട് മൃത്യുവിനെ ഇല്ലാതാക്കുന്നു. മൃത്യു എന്നുപറഞ്ഞാല്‍ ഇവിടെ പാപം എന്നാണ് അർത്ഥം. പാപം എന്നുപറഞ്ഞാല്‍ ദുഃഖഹേതുക്കള്‍ എന്നാണ്. ഇവയെ, അതായത് ദുഃഖഹേതുക്കളെ ഇല്ലാതാക്കി “വിദ്യയാ”, വിദ്യകൊണ്ട്, “അമൃതം അശ്നുതേ” അമൃതത്തെ പ്രാപിക്കുന്നു, എന്നുപറഞ്ഞാല്‍ ഉത്കൃഷ്ടമായ സുഖത്തെ പ്രാപിക്കുന്നു.
*മന്ത്രം.12* *അന്ധം തമഃ പ്രവിശന്തി*
*യേഽസംഭൂതിമുപാസതേ*
*തതോ ഭൂയ ഇവ തേ തമോ*
*യ ഉ സംഭൂത്യാം രതാഃ*
അസംഭൂതിയെ (മൂലപ്രകൃതിയെ) ഉപാസിക്കുന്നവര്‍ അന്ധമായ ഇരുട്ടില്‍ പ്രവേശിക്കുന്നു. സംഭൂതിയെ അതായത് ബ്രഹ്മലോകത്തെ ഉപാസിക്കുന്നവര്‍ അതിലുംവലിയ ഇരുട്ടില്‍ പ്രവേശിക്കുന്നു.
ഇവിടെ സംഭൂതി, അസംഭൂതി എന്നരണ്ടു വാക്കുകളെ പുതിയതായി അവതരിപ്പിക്കുന്നു. തുടര്‍ന്നുള്ള മന്ത്രങ്ങളില്‍ സംഭവഃ അസംഭവഃ എന്നുപറയുന്ന രണ്ടുവാക്കുകളേയും അവതരിപ്പിക്കുന്നു. പിന്നീട് അസംഭൂതി എന്നും വിനാശം എന്നും പറയുന്ന വാക്കുകളെയും കാണാം. ഇവയില്‍ സംഭൂതി സംഭവഃ വിനാശഃ ഇവമൂന്നും ഒന്നിച്ചും, അസംഭൂതി അസംഭവഃ എന്നിവരണ്ടും ഒന്നിച്ചും നില്‍ക്കുന്നതാണ് എന്നുള്ള അറിവ് വച്ചുകൊണ്ടായിരിക്കണം ഇനി തുടര്‍ന്നുവരുന്ന മന്ത്രങ്ങളെ കാണേണ്ടത്.
“യേഅസംഭൂതിമുപാസതേ”,യാതോരുവനാണോ അസംഭൂതിയെ ഉപാസിക്കുന്നത്, അവന്‍ “അന്ധം തമഃ പ്രവിശന്തി”, അന്ധകാരത്തിലേക്ക് പ്രവേശിക്കുന്നു. “യ ഉ സംഭൂത്യാം രതാഃ” സംഭൂതിയെ ഉപാസിക്കുന്നവരാകട്ടെ, “തതോ ഭൂയ ഇവ തേ തമോ” അതിനെക്കാളും കൂടിയ അന്ധകാരത്തിലേക്ക് പതിക്കുന്നു. ഇവിടെ സംഭൂതി ഉപാസന എന്നും അസംഭൂതി ഉപാസന എന്നും രണ്ടു വാക്കുകള്‍ പറയുന്നു. സംഭൂതി എന്നുപറഞ്ഞാല്‍ സംഭവഃ, എന്നും അസംഭൂതി എന്നുപറഞ്ഞാല്‍ അസംഭവഃ എന്നുമാണ്. അസംഭൂതി എന്ന വാക്കിന്‍റെ അർത്ഥം “ന സംഭൂതിഃ” എന്നാണ്. സംഭൂതി എന്ന വാക്ക് പിരിച്ചെഴുതിയാല്‍ സം+ഭൂതി എന്നാണ്. സംസ്കൃതത്തില്‍ “ഭൂ” ധാതുവിന്‍റെ അർത്ഥം “ഉണ്ട്” എന്നാണ്. അപ്പൊള്‍ സംഭൂതി എന്നവാക്കിന്‍റെ അർത്ഥം നല്ലതുപോലെ ഉണ്ടായത് എന്നാകുന്നു. അസംഭൂതി എന്നുപറഞ്ഞാല്‍ ഇല്ലാത്തത് എന്നുമാണ് അർത്ഥം. ഇതേ അർത്ഥം തന്നെയാണ് “ഭവഃ” എന്നുപറഞ്ഞാലും. അതായത് ഭവഃ എന്നുപറഞ്ഞാലും അർത്ഥം “ഉണ്ടായത്” എന്നുതന്നെയാണ്. സംഭവഃ എന്നുപറഞ്ഞാല്‍ “സമ്യക്ക് ഭവഃ”, എന്നുപറഞ്ഞാല്‍ നല്ലതുപോലെ ഉണ്ടായത് എന്നുതന്നെയാണ് അർത്ഥം. ഇവിടെ എന്താണ് നല്ലതുപോലെ ഉണ്ടായത്, അതുപോലെ എന്താണ് നല്ലതുപോലെ ഉണ്ടാകാത്തത്?
നമുക്കിവിടെ നാം വസിക്കുന്ന ലോകമുണ്ട്. ഇവിടെനിന്നും ഊര്‍ദ്ധ്വലോകമായി ഒന്നാമതു സ്വര്‍ഗ്ഗവും, രണ്ടാമതായി അതിനും ഉപരിനില്‍ക്കുന്ന ബ്രഹ്മലോകവും ഉണ്ട്. ഈ പറഞ്ഞ ബ്രഹ്മലോകം സാദ്ധ്യമാകണമെങ്കില്‍ ബ്രഹ്മാവ് ഉണ്ടാകണമല്ലോ. ഈ ബ്രഹ്മാവും, ബ്രഹ്മലോകവും ഉണ്ടാകുന്നതിനുമുമ്പ് ഉണ്ടായിരുന്ന മൂലപ്രകൃതി ബ്രഹ്മലോകത്തിനും ഉപരിയായി നില്‍ക്കുന്നു. ഈ മൂലപ്രകൃതിയില്‍ നിന്നുമാണല്ലോ ബ്രഹ്മാവ് ഉണ്ടാകുന്നത്. അതായത് ബ്രഹ്മാവുംകൂടി ഉണ്ടാകാന്‍ കാരണമായതാണ് ഈ മൂലപ്രകൃതി. അതിനാല്‍ മൂലപ്രകൃതിക്ക് ബ്രഹ്മലോകത്തിനും മേലെയാണ് സ്ഥാനം. ഈ മൂലപ്രകൃതിയെ “അവ്യാകൃതം” അല്ലെങ്കില്‍ “മായ” എന്നുപറയുന്നു. ബ്രഹ്മാവ് ഉണ്ടായത് ഈ മായയെ ആശ്രയിച്ചുകൊണ്ടാണ്.
ഇവിടെ മന്ത്രത്തില്‍ പറഞ്ഞതായ കര്‍മ്മത്തിന്‍റേയും ഉപാസനയുടെയും ഫലമായി, ഒന്നാമത്തെ ഫലമായ സ്വര്‍ഗ്ഗലോകം, അതല്ലെങ്കില്‍ അതിലുംകൂടിയ ഫലമായ ബ്രഹ്മലോകം, അതുമല്ലെങ്കില്‍ അതിലും ഉപരിയായിട്ടുള്ള അവ്യാകൃതം എന്ന് പരാമര്‍ശിതമായ മൂലപ്രകൃതി എന്നതത്വത്തെ പ്രാപിക്കുന്നു. ഈ മൂലപ്രകൃതിയുംകൂടി കഴിഞ്ഞാല്‍ അതിനുമപ്പുറം ബ്രഹ്മം മാത്രമേയുള്ളൂ. ബ്രഹ്മത്തിനും താഴെ നില്‍ക്കുന്നത് മൂലപ്രകൃതിയും, അതിനുതാഴെ ബ്രഹ്മലോകവുമാണ്. അപ്രകാരമുള്ള മൂലപ്രകൃതിയേയും ബ്രഹ്മലോകത്തിനേയുംവച്ചുകൊണ്ടാണ് ഇവിടെ അസംഭൂതി എന്നും സംഭൂതി എന്നും പറയുന്നത്. സംഭൂതി എന്നുപറഞ്ഞാല്‍ സംഭവിച്ചത് അതായത് ഉണ്ടായത് ആണ്. അതാണ് ബ്രഹ്മലോകം. അപ്പോള്‍ അസംഭൂതി എന്നുപറഞ്ഞാല്‍ ഉണ്ടാവാത്തത്, അതാണ് മൂലപ്രകൃതി. മൂലപ്രകൃതി എന്നുണ്ടായി എന്നുപറയുക സാദ്ധ്യമല്ല. മൂലപ്രകൃതി എന്നെന്നുമുള്ളതാണ്. മൂലപ്രകൃതി അനാദിയാണ്. മായ, മൂലപ്രകൃതി, അവ്യാകൃതം എന്നൊക്കെ പറയുന്നത് അനാദിയാണ്. എന്നാല്‍ ബ്രഹ്മലോകമാകട്ടെ ഉണ്ടായതാണ്. ബ്രഹ്മലോകവും, ബ്രഹ്മാവുമൊക്കെ ഉണ്ടായതാണ് എന്നുനമുക്ക് പുരാണങ്ങളില്‍നിന്നും അറിയാം. വിഷ്ണുവിന്‍റെ നാഭിയില്‍നിന്നും ഒരു താമരയുണ്ടായി, ആ താമരയില്‍ നിന്നും ബ്രഹ്മാവുണ്ടായി. ഇപ്രകാരം പുരാണത്തില്‍ ബ്രഹ്മാവിന്‍റെ ഉത്പത്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്. ഇപ്രകാരം ബ്രഹ്മലോകം എന്നുപറഞ്ഞാല്‍ ‘ഉണ്ടായത്’ എന്നഅർത്ഥത്തില്‍ സംഭവഃ (ഉണ്ടായത്) എന്നുപറയുന്നു. ഉണ്ടായതുകൊണ്ടുതന്നെ അതിനു വിനാശവും ഉണ്ട്. ഉണ്ടായതിന്നാണല്ലോ വിനാശം ഉണ്ടാകുന്നത്. ഇനി വരാന്‍പോകുന്ന മന്ത്രത്തില്‍ വിനാശം എന്നുപറയുന്നുണ്ട്. അവിടെ വിനാശം എന്നുപറഞ്ഞിരിക്കുന്നതും ഈ ബ്രഹ്മലോകത്തെതന്നെയാണ്. അതായത് സംഭൂതി എന്നുപറഞ്ഞിരിക്കുന്നതും, സംഭവഃ എന്നുപറഞ്ഞിരിക്കുന്നതും, വിനാശഃ എന്നുപറഞ്ഞിരിക്കുന്നതും ബ്രഹ്മലോകത്തെതന്നെയാണ്.
ബ്രഹ്മലോകത്തിനും മകളില്‍ ഉള്ള മൂലപ്രകൃതിയെയാണ് അസംഭൂതി എന്നും, അസംഭവഃ എന്നും പറഞ്ഞിരിക്കുന്നത്. ഇങ്ങിനെ പറയപ്പെട്ടതായ മൂലപ്രക്രിതിയെ ഒരുവനു പ്രാപിക്കാന്‍ പറ്റുമോ? “യോഗ ചിത്തവൃത്തി നിരോധഃ” എന്നൊക്കെ പറഞ്ഞതായ യോഗസൂത്രത്തെ നാമിവിടെ ഓര്‍മ്മിക്കേണ്ടതാണ്. ഇവിടെ സൂചിപ്പിക്കപെട്ടതായ “യോഗ ചിത്തവൃത്തി നിരോധഃ” എന്ന അവസ്ഥയിലേക്ക് ഉയര്‍ന്ന ഒരാള്‍ക്ക് മൂലപ്രകൃതിയെ പ്രാപിക്കാന്‍ സാധിക്കും എന്ന് പറയുന്നു. യോഗസൂത്രത്തില്‍ ശമ, ദമ തുടങ്ങിയ സര്‍വ്വവിധ ഗുണങ്ങളോടുംകൂടിയവനായി, ഒരുവന്‍ സര്‍വ്വ ഇന്ദ്രിയങ്ങളില്‍നിന്നും പിന്തിരിക്കപ്പെടുന്നു. ചിത്തത്തെ വിഷയരഹിതമായി, ഒരു വിഷയവുമില്ലാതെ നിര്‍ത്തുന്ന ഒരു അവസ്ഥയുണ്ട്. വിഷയം എന്നുപറഞ്ഞാല്‍ രണ്ടുതരത്തിലേയുള്ളൂ. ഒന്ന് ശബ്ദവും രണ്ടാമത്തേത് രൂപവുമാണ്. പിന്നീടുള്ളവ ഭാവസമൃതികളായി വരുന്നവയാണ്. നമുക്ക് രുചികളെ സ്മരിക്കാം, അതുപോലെ രസങ്ങളെ സ്മരിക്കാം, രൌദ്രം തുടങ്ങിയ ഭാവങ്ങളേയും സ്മരിക്കാം. ഇവയെ ചിത്തത്തിന്‍റെ വിക്ഷേപങ്ങള്‍ എന്നുപറയുന്നു. ഇപ്രകാരമുണ്ടാകുന്ന വിക്ഷേപങ്ങള്‍ മുഴുവനും വൃത്തികള്‍ എന്നപേരിലാണ് അറിയപ്പെടുന്നത്. അതതുകാലത്ത് വ്യക്തമായതിനുശേഷം ഇല്ലാതാകുന്നവയാണ് വൃത്തികള്‍ എന്നുപറയുന്നവ.
ചിത്തവൃത്തികള്‍ അന്തക്കരണത്തില്‍ ഓരോരോ സമയത്ത് ആവിര്‍ഭവിക്കുന്നു, നിലനില്‍ക്കുന്നു. നിലനില്‍ക്കുന്ന സമയത്ത് അത് വലുതാണ് അത് നമ്മളെ മൂടിക്കളയുന്നതായിത്തീരും. ഉദാഹരണമായി, ക്രോധം വന്നൂ എന്ന് വിചാരിക്കുക, അപ്പോള്‍ നമ്മെ ക്രോധി എന്ന് പറയുന്നു. ക്രോധത്തിന്‍റെ ബഹിസ്ഫുരണം എന്നനിലയില്‍ കണ്ണ് ചുവക്കുകയും, ഉഗ്രഭാവം കൈവരികയും ചെയ്യുന്നു. വളരെ ക്രൂരവും വക്രവും പരുഷവുമായ ശബ്ദങ്ങള്‍ പ്രയോഗിക്കുന്നു. എന്തും ചെയ്യുവാന്‍ ഉദ്യുക്തമായരീതിയില്‍ വിക്ഷോഭത്തോടുകൂടി നില്‍ക്കുന്ന ശരീരപ്രകൃതിയിലേക്ക് നാം മാറുന്നതായും കാണാനാകും. ഇപ്രകാരം ക്രോധമെന്ന ഒരുവികാരവൃത്തി നമ്മളെ ആകെ മൂടിക്കളയും. എന്നാലും എത്രകാലം ഈ വൃത്തി നിലനില്‍ക്കും? ആരായാലും അധികസമയമോ, അധികകാലമോ ഈ വൃത്തി നിലനില്‍ക്കുകയില്ല. അത്യന്തം ക്രൂരകൃത്യം ചെയ്യുന്ന രാക്ഷസനായാല്‍പോലും നിത്യമായി ക്രോധവൃത്തിയില്‍ നില്‍ക്കുക എന്നത് സാദ്ധ്യമല്ല. സാക്ഷാല്‍ രാവണനാണെങ്കില്‍പോലും ചിരിച്ചുപോകും. ഒരുചിത്തവൃത്തിയില്‍ തന്നെ ഒരാള്‍ക്ക് സ്ഥിരമായി നില്‍ക്കുക സാദ്ധ്യമല്ല. സര്‍വ്വ ജീവികള്‍ക്കും ഇത് ബാധകമാണ്. ദേവേന്ദ്രന്‍ കരഞ്ഞുകൊണ്ട് ഓടിയ ചരിത്രവും നമുക്ക് കാണാന്‍ സാധിക്കും. ഇന്ദ്രന്‍ ഭയന്ന് കരഞ്ഞ് ദേവിയെ സ്തുതിച്ചുകൊണ്ട് ഓടി താമരമൊട്ടിന്നുള്ളില്‍ ഒളിച്ചിരിക്കുന്നത് നമുക്ക് പുരാണങ്ങളിലൂടെ അറിവുള്ളതാണ്. തപസ്വികള്‍പോലും കുറേക്കാലം തപോവൃത്തിയില്‍ നിന്നതിനുശേഷം അതില്‍നിന്നും മാറുന്നതും നമുക്ക് കാണാവുന്നതാണ്. ഇപ്രകാരം ചിത്തവൃത്തികള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്നവയാണ്.
ഇതിനൊക്കെ പരിഹാരം എന്നനിലയിലാണ് പതഞ്‌ജലിമഹര്‍ഷി യോഗസൂത്രത്തില്‍, യോഗപ്രാപ്തി എന്നുപറഞ്ഞാല്‍ “ചിത്തവൃത്തി നിരോധഃ” എന്നുള്ളവിധം, “യോഗ”ത്തെ അവതരിപ്പിച്ചിട്ടുള്ളത്. ചിത്തവൃത്തികള്‍ പ്രമാണ, വിപര്യയ, വികല്‍പ്പ, സ്മൃതി, നിദ്ര എന്നിങ്ങിനെ അഞ്ചുവിധത്തിലുള്ള വൃത്തികളാണ്. പ്രമാണത്തിലൂടെ ഉണ്ടാകുന്ന വൃത്തികള്‍മുതല്‍ ഉറക്കംവരെയുള്ള സകലതിനെയും ഉള്‍ക്കൊള്ളുന്നവിധത്തിലാണ് അഞ്ചുതരത്തില്‍ സകല വൃത്തികളേയും യോഗസൂത്രത്തില്‍ ക്രോഡീകരിച്ചിരിക്കുന്നത്. ഈ വൃത്തികളെ മുഴുവന്‍ സ്തംഭിപ്പിച്ച് ഒരു വൃത്തിയുമില്ലാതെ ചിത്തത്തെ വൃത്തിരഹിതമാക്കിക്കഴിഞ്ഞാല്‍ ആ അവസ്ഥയെയാണ് “യോഗ ചിത്തവൃത്തി നിരോധഃ” എന്നുപറയുന്നത്. എപ്പോഴും ഇത് നടത്തിക്കൊണ്ടുപോവുക എന്നത് സാദ്ധ്യമല്ല എന്ന കാര്യവും ഓര്‍ക്കണം.
ഇപ്രകാരം അഭ്യസിച്ച് ചിത്തവൃത്തി സമ്പൂര്‍ണ്ണമായും നിരോധിച്ചാല്‍ ജാഗ്രതവസ്ഥയിലെ വ്യത്യസ്തമായ ഭാവഭേദങ്ങളോ അനുഭവങ്ങളോ ഒന്നുംതന്നെ ഇല്ല, അതിനാല്‍ വൈവിധ്യങ്ങളുമില്ല. അത് നിദ്രയുമല്ല. നിദ്രയാകട്ടെ അജ്ഞാനമാണ്, ആ തരത്തിലുള്ള അറിവില്ലായ്മയും അവിടെ ഇല്ല. ഇപ്രകാരം അഭ്യസിച്ച്, ശീലിച്ച് ശീലിച്ച് ദേഹം ത്യജിക്കുന്ന ഘട്ടത്തില്‍ പൂര്‍ണ്ണമായ വൃത്തിരാഹിത്യത്തിലേക്ക് ഒരുവന്‍ എത്തിയാല്‍, വൃത്തിരാഹിത്യത്തിന്‍റേതായ ഒരു അവസ്ഥാവിശേഷത്തില്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഈ പ്രത്യേക അവസ്ഥാവിശേഷത്തിനെയാണ് മൂലപ്രകൃതിലയം എന്നുപറയുന്നത്. അതല്ലെങ്കില്‍ അവ്യാകൃതത്തിലുള്ള ലയം എന്നും പറയും. അവ്യാകൃതത്തിനു ഒരു പ്രത്യേകതയുണ്ട്. സൃഷ്ടിആരംഭംതൊട്ട് കല്‍പം, യുഗം തുടങ്ങിയ കാലഭേദങ്ങളെല്ലാം കടന്ന് വീണ്ടും സൃഷ്ടി ആരംഭിക്കുമ്പോള്‍ അവ്യാകൃതത്തില്‍ ലയിച്ചിരിക്കുന്ന സര്‍വ്വ ജീവജാലങ്ങളേയുംഅത് പുറത്തേക്ക് തള്ളും. യോഗചര്യയുടെ ഭാഗമായി ഒരു വ്യക്തി അവ്യാകൃതത്തില്‍ വിലയിച്ചിരുന്നാല്‍ ആവ്യക്തിയും ഇപ്രകാരം സൃഷ്ടിയാരംഭത്തില്‍ പുറംതള്ളപ്പെടും.
ഏതെങ്കിലും ജീവന്മാര്‍ ഇപ്രകാരം സൃഷ്ടികള്‍ക്കിടയില്‍ മൂലപ്രക്രിതിയിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ മൂലപ്രകൃതി അപ്പോള്‍ അതിനെ അവിടെ സ്വീകരിക്കും. ദ്വൈതഭാവങ്ങള്‍ ഒന്നുമില്ലാതെ നിത്യ സുഖത്തില്‍ ആ ജീവാത്മാവിന് ആ മൂലപ്രകൃതിയില്‍ തുടരാം. പിന്നീട് മഹാപ്രളയം എന്ന ഒരു ഘട്ടം എത്തുന്നു. ലോകങ്ങളെ ല്ലാം ഒന്നൊന്നായി ഇല്ലാതാകുന്നു. അപ്പോള്‍ സര്‍വ്വ ജീവജാലങ്ങളും, സര്‍വ്വതും മൂലപ്രകൃതിയില്‍ ചെന്ന് ലയിച്ചു യാതൊരുവിധ ഭാവങ്ങളും ഇല്ലാതായി ഏകത്തില്‍ നില്‍ക്കുന്നതായ ഒരു ഘട്ടമെത്തും. ഈ അവസ്ഥയെയാണ് പ്രളയം എന്നുപറയുന്നത്. അതല്ലാതെ വെള്ളംകയറി ഇവിടെയൊക്കെ മൂടിപ്പോകുന്ന അവസ്ഥയല്ല പ്രളയം. ലോകങ്ങള്‍ ഒന്നുമില്ലാത്ത അവസ്ഥയാണ് പ്രളയം. അവിടെ ഭോക്താവുമില്ല ഭോഗ്യവുമില്ല, കാണുന്നവനുമില്ല കാണപ്പെടുന്നതുമില്ല, കേള്‍ക്കുന്നവനുമില്ല കേള്‍ക്കപ്പെടുന്നതുമില്ല, ഒന്നുമില്ലാത്ത ഒരവസ്ഥയാണ് അത്. ആ ഒന്നുമില്ലായ്മ സര്‍വ്വസാധ്യതകളുടെയും ബീജം നിലനില്‍ക്കുന്ന ഒന്നുമില്ലായ്മയാണ്. ശൂന്യത്തില്‍നിന്നും ഒന്നുമുണ്ടാവുകയില്ല. പക്ഷെ ഇത് ശൂന്യമല്ല. സര്‍വ്വത്തിന്‍റേയും സൂക്ഷ്മഭാവം, ബീജഭാവം സംഭരിച്ചുവച്ചിരിക്കുന ഒരു സ്ഥിതിയാണ് മൂലപ്രകൃതി എന്നുപറയുന്ന അവ്യാകൃതം.
ഈ അവ്യാകൃതി പുനസൃഷ്ടി എന്നൊരു ഘട്ടം എത്തിക്കഴിയുമ്പോള്‍ ബീജഭാവത്തില്‍ സംഭരിച്ചു വച്ചിരിക്കുന്നതായ സര്‍വ്വതിനേയും പുറംതള്ളുന്നു. അപ്രകാരം പുറംതള്ളുമ്പോള്‍ പ്രകൃതിലയത്തില്‍ കിടന്നിരുന്നയാളിനേയും പുറംതള്ളുന്നു. ഇന്നലെ കടന്നുവന്നുലയിച്ചുചേര്‍ന്ന ആളേയും, വര്‍ഷങ്ങള്‍ക്കുമുമ്പ് കടന്നുവന്നു ലയിച്ചുചേര്‍ന്നിരുന്ന ആളെയും അവ്യാകൃതം ഒരുപോലെ പുറംതള്ളുന്നു. അപ്പോള്‍ ആ വ്യക്തി പ്രകൃതിലയത്തില്‍ കിടന്നിരുന്നതിന്‍റെ അർത്ഥം പുനര്‍ജനിക്കാന്‍ വേണ്ടിയായിരുന്നു എന്നതാണ്. ഇങ്ങിനെ പുനര്‍ജനിക്കാന്‍ യോഗ്യത ഉള്ളവയ്ക്കുമാത്രമേ മൂലപ്രകൃതിയില്‍ കിടക്കാന്‍ പറ്റുകയുള്ളൂ. പുനര്‍ജ്ജന്മം ഇല്ലാത്തവര്‍ക്ക് മൂലപ്രകൃതിയില്‍ സ്ഥാനമില്ല. ചുരുക്കത്തില്‍ പുനര്‍ജന്മ സാധ്യതയുള്ളവരെ മാത്രമേ മൂലപ്രകൃതി സ്വീകരിക്കുകയുള്ളൂ. മൂലപ്രകൃതിയില്‍ “നിത്യലയത്തില്‍” ഒരുവന്‍ കഴിയുന്ന കാലം, അതൊരു കല്‍പ്പമാകാം, അതല്ലെങ്കില്‍ ബ്രഹ്മാവിന്‍റെ പൂര്‍ണ്ണമായ ഒരു കാലഘട്ടമാകാം, അതെന്തായാലും, പുനര്‍ജ്ജന്മം എന്നത് ഇവന്‍റെകൂടെ ഇവന്‍റെ ഭാഗമായിത്തന്നെ ഉണ്ടായിരിക്കും. ഇപ്രകാരം പുനര്‍ജമമുള്ളയാളിനെയാണ് ഇവിടെ അസംഭൂതിയില്‍ പ്രവേശിച്ചവന്‍ എന്നുപറയുന്നത്. എന്നാല്‍ അപ്രകാരം പുനര്‍ജ്ജന്മം ഇല്ല എന്നാകില്‍ അയാള്‍ മുക്തനാണ്. അയാള്‍ക്ക് അവ്യാകൃതത്തിന്‍റെ, അതായത് മായയുടെ ഭാഗമായിട്ട് കഴിയുക സാധ്യമല്ല.
ഇങ്ങിനെ സംഭൂതിയില്‍ പ്രവേശിച്ചവന്‍ എന്നുപറഞ്ഞാല്‍ ബ്രഹ്മലോകത്ത് പ്രവേശിച്ചവനും, അസംഭൂതിയില്‍ പ്രവേശിച്ചവന്‍ എന്നുപറഞ്ഞാല്‍ മൂലപ്രകൃതിയില്‍ പ്രവേശിച്ചവനുമാകുന്നു. സംഭൂതി എന്നുപറഞ്ഞാല്‍ അത് ഉണ്ടായതാണ്. അതിനാല്‍ അത് നശിക്കാന്‍പോകുന്നത് എന്നഅർത്ഥത്തില്‍ “വിനാശം” എന്നുപറയുന്നു. ഇത്രയും വിവരങ്ങള്‍ അറിഞ്ഞുവച്ചുകൊണ്ടുവേണം നാം അടുത്ത മന്ത്രങ്ങള്‍ കാണേണ്ടത്.
നാം വിദ്യ അവിദ്യ എന്നിവയെക്കുറിച്ച് മുന്‍ മന്ത്രങ്ങളില്‍ പഠിച്ചപ്പോള്‍ മാര്‍ഗ്ഗത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഒരു വിശകലനമാണ് അവിടെ നടത്തിയത്. ഇവിടെയാണെങ്കില്‍, സംഭവഃ, അസംഭവഃ, അല്ലെങ്കില്‍ സംഭൂതി, അസംഭൂതി അതുമല്ലെങ്കില്‍ അസംഭൂതി, വിനാശം എന്നിങ്ങിനെയുള്ള പ്രയോഗങ്ങള്‍ ലക്ഷ്യസ്ഥാനത്തെ കുറിച്ചുള്ളവയാണ്. “വിദ്യയാ” എന്നുള്ളത് സംസ്കൃതത്തില്‍ തൃതീയാ വിഭക്തിയിലുള്ള പ്രയോഗമാണ്. വിദ്യയാല്‍” എന്നാണു ഈ വാക്കിന്‍റെ അർത്ഥം. ഇവിടെയാണെങ്കില്‍ “അസംഭാവാത്” എന്നത് പഞ്ചമി വിഭക്തിയിലുള്ള പ്രയോഗമാണ്. എത്തിച്ചേരേണ്ടതായ ഒരു ദേശസ്ഥാനത്തെയാണ് ഇവിടെ കാണിക്കുന്നത്. ദേശസ്ഥാനം എന്നുപറയുന്നവ ബ്രഹ്മലോകം എന്നസ്ഥാനം, മൂലപ്രകൃതി എന്നസ്ഥാനം എന്നിവയാണ്. ഒന്നാമത്തേത് മാര്‍ഗ്ഗം എന്നുള്ള ദൃഷ്ടിയിലും രണ്ടാമത്തേത് ലക്‌ഷ്യം എന്നുള്ള ദൃഷ്ടിയിലുമാണ് അർത്ഥവ്യത്യാസമില്ലാതെ ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. അർത്ഥത്തിലും ഉദ്ദേശത്തിലും ഇവിടെ വ്യത്യാസങ്ങള്‍ ഒന്നുമില്ല എന്ന കാര്യം നാം അറിഞ്ഞിരിക്കേണ്ടതാണ്.
ഈ കാര്യം വ്യക്തമാകാന്‍ ഒരു ഉദാഹരണം നോക്കാം. “വിവാഹം കഴിച്ചാല്‍ ഇവന്‍റെ ഭ്രാന്ത് പോകും, ഭ്രാന്ത് പോയാല്‍ ഇവന് കല്യാണം കഴിക്കാം” എന്നുള്ള ചൊല്ലിലെ വിവാഹം കഴിച്ചാല്‍ ഭ്രാന്ത് പോകും, എന്നുള്ള പ്രയോഗം, “വിവാഹേന ചിത്തഭ്രമം നശ്യതി” എന്ന ഭാഗം മാത്രം നമുക്ക് നോക്കാം. വിവാഹംകൊണ്ട് ഇവന്‍റെ ചിത്തഭ്രമം പോകും എന്നാണല്ലോ അർത്ഥം. ഇവിടെ വിവാഹം എന്നുപറയുന്നത് ചിത്തഭ്രമം പോകുന്നതിന്നുവേണ്ടിയുള്ള ഒരുമാര്‍ഗ്ഗത്തയാണ് കാണിക്കുന്നത്. മറ്റൊരു ഉദാഹരണത്തില്‍ “ഗൃഹസ്ഥനായതോടുകൂടി ഇവന്‍ സ്വസ്ഥനായി” ഗൃഹസ്ഥാശ്രമാത് സ്വസ്ഥോ ഭവതി, എന്നുപറയുന്നിടത്ത് ഗൃഹസ്ഥാശ്രമം എന്നത് സ്വസ്ഥതയോടെ ഇരിക്കുന്നതിനുള്ള ഒരുസ്ഥാനത്തെ കാണിക്കുന്നു. ഈ ഉദാഹരണങ്ങളില്‍ ഒന്ന് മാര്‍ഗ്ഗത്തേയും മറ്റേത് എത്തിച്ചേരേണ്ടതായ സ്ഥാനത്തെയുമാണ് സൂചിപ്പിക്കുന്നത്. ഇതെപോലെയാണ് നമുക്കിവിടെ മന്ത്രങ്ങളിലും പറഞ്ഞിരിക്കുന്നത്. വിദ്യയാം, അവിദ്യയാം എന്ന് തൃതീയ വിഭക്തിയില്‍ പറഞ്ഞതുകൊണ്ട് മാര്‍ഗ്ഗത്തേയും, സംഭവാത്, അസംഭവാത് എന്നിങ്ങിനെ പഞ്ചമി വിഭക്തിയില്‍ പറഞ്ഞതുകൊണ്ട് ലക്ഷ്യസ്ഥാനത്തെയുമാണ് പരാമര്‍ശിക്കുന്നത്.
മന്ത്രത്തില്‍ പറയുന്നൂ, യാതോരുവനാണോ അസംഭൂതിയെ ഉപാസിക്കുന്നത്, അതായത് മായശക്തിയെ ഉപാസിക്കുന്നത് അവന്‍ അന്ധകാരത്തിലേക്ക് പ്രവേശിക്കുന്നു. അതേപോലെ യാതൊരുവനാണോ സംഭൂതിയില്‍ രമിക്കുന്നത്, അതായത് ബ്രഹ്മലോകോപാസന അല്ലെങ്കില്‍ ഹിരണ്യഗര്‍ഭോപാസനചെയ്യുന്നത് അവന്‍ അതിനെക്കാളുമുപരിയായിട്ടുള്ള അന്ധകാരത്തിലേക്ക് പ്രവേശിക്കുന്നു. ഹിരണ്യഗര്‍ഭോപാസനചെയ്യുന്നത് എന്തോ മഹത്തായ കാര്യമാണ് എന്നാണ് അപ്രകാരം ഉപാസനചെയ്യുന്നവന് തോന്നുന്നത്. മഹത്തായ കാര്യം എന്ന് ഇയാള്‍ പറയുന്നത് മഹത്തായ കാലത്തിനെ ആസ്പദമാക്കിയാല്‍ വളരെ തുച്ഛമായതാണ്. ഇത് അറിവില്ലായ്മയെയാണ് കാണിക്കുന്നത്. മനുഷ്യജന്മം ലഭിച്ചിട്ട് ഈ ജന്മത്തിലൂടെ ഏറ്റവും ഉത്കൃഷ്ടമായത് നേടാന്‍ ശ്രമിക്കാതെ, താത്കാലികം എന്നവണ്ണം നില്‍ക്കുന്ന ഒരു ലോകപ്രാപ്തി ഇയാള്‍ ലക്ഷ്യമാക്കിവെക്കുന്നു. ആ ലക്‌ഷ്യം പ്രാപിച്ചുകഴിഞ്ഞാല്‍ ഇയാള്‍ “ക്ഷീണേ പുണ്യേ മര്‍ത്യലോകം വിശന്തി” എന്നവിധം വീണ്ടും തിരിച്ചു പഴയ സ്ഥാനത്തെക്കുതന്നെ എത്തുന്നു. എപ്രകാരമെന്നാല്‍, “മൂഷിക സ്ത്രീ വീണ്ടും മൂഷികസ്ത്രീയായി” എന്നുള്ള ചൊല്ലുപോലെ. ഊര്‍ധ്വലോകത്തേക്കുപോയിട്ട് വീണ്ടും തിരിച്ചു ഇവിടെത്തന്നെയാണ് എത്തുന്നതെങ്കില്‍ എന്താണ് കാര്യം? എവിടെപോയിവന്നൂ എന്നതിന്‍റെ ഒരു ഓര്‍മ്മപോലും ഇല്ലാതെ പഴയതുപോലെതന്നെ നില്‍ക്കുന്നു. അന്നന്നത്തെ അധ്വാനംകൊണ്ട് ജീവെക്കേണ്ടുന്ന ഒരുവനെപ്പോലെയാണ് കഴിയേണ്ടുന്നത് എങ്കില്‍, അയാള്‍ ഇപ്രകാരം വീണ്ടും വന്നു പിറക്കേണ്ടിവരുന്നൂവെങ്കില്‍ അയാള്‍ സ്വര്‍ഗ്ഗത്തുപോയതുകൊണ്ട് എന്തുകാര്യം? ബ്രഹ്മലോകത്ത് പോയതുകൊണ്ട് എന്ത് കാര്യം? ഇപ്രകാരം അയാള്‍പോയ ലോകങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപോലും അയാള്‍ക്കില്ലാതെ പഴയ ആള്‍ ആയിത്തുടരുകയല്ലേ ചെയ്യുന്നത്? മാത്രമല്ല കിട്ടിയ ഒരു അവസരത്തെ അയാള്‍ ഭോഗത്തിനായും ഭോഗസുഖത്തിനായും ഉപയോഗിച്ചു. ഭോഗസാമഗ്രികള്‍ നേടുന്നതിനായി ഉപയോഗിച്ചു. ഭോക്താവായി തന്നെത്താന്‍ മറക്കുവാന്‍, മതിമറക്കുവാന്‍, അയാള്‍ ഉപയോഗിച്ചു. അയാളല്ലേ കൂടുതല്‍ അന്ധകാരത്തിലേക്കുപോയത് എന്നാണു ഋഷി ഇവിടെ ചോദിക്കുന്നത്. അടുത്ത മന്ത്രം ഇതിന്‍റെതന്നെ ഒരു തുടര്‍ച്ചയാണ്.
*മന്ത്രം.13* *അന്യദേവാഽഹൂഃ സംഭവാ-*
*ദന്യദാഹുരസംഭവാത്*
*ഇതിശൂശ്രുമ ധീരാണാം*
*യേ നസ്തദ്വിചചക്ഷിരേ*
അവ്യക്തത്തിന്‍റേയും വ്യക്തത്തിന്‍റേയും ഉപാസനാഫലങ്ങള്‍ വെവ്വേറെതന്നെയാണെന്ന് പറയപ്പെടുന്നു. ഇപ്രകാരമാണ് ഇതിനെകുറിച്ചു വിശദീകരിച്ചുതന്നിട്ടുള്ള പൂര്‍വ്വ ഗുരുക്കന്മാരില്‍നിന്നും ഞങ്ങള്‍ കേട്ടിട്ടുള്ളത്.
പൂര്‍വ്വീകരായ ഋഷിമാരെ ഇവിടെ സ്മരിക്കുന്നു. “നഃ” എന്നിവിടെ പറഞ്ഞിരിക്കുന്നത് ബഹുവചനത്തിലാണ്. അതായത് ഞങ്ങള്‍ക്ക്, എന്നുവച്ചാല്‍ അക്കാലത്തെ ഋഷിമാര്‍ക്ക് എന്നാണ് അർത്ഥം. അക്കാലത്തെ ഋഷിമാര്‍ ശിഷ്യന്മാരായിരുന്നു. ഋഷിമാര്‍ ഈ വിദ്യ തപസ്സ്ചെയ്തു നേടിയെടുത്തതാണ് എന്ന് ഒരുസ്ഥലത്തും പരാമര്‍ശിക്കുന്നില്ല. സര്‍വ്വയിടത്തും പറഞ്ഞിരിക്കുന്നത് ഈ വിദ്യ ഞങ്ങള്‍ക്ക് ഞങ്ങളുടെ ഗുരുവില്‍നിന്നും കിട്ടിയതാണ് എന്നാണ്. ഇത് ഗുരുപരമ്പരയെ കാണിക്കുന്നു. ഒരുഗുരുവില്‍നിന്നും ഒരു ശിഷ്യനുകിട്ടി എന്നുള്ളരീതിയില്‍ അല്ല ഗുരുപരമ്പരയുള്ളത്. ഒരു ഗുരുവില്‍നിന്നും ഒരു ശിഷ്യന് കിട്ടുന്നത് സിദ്ധപരമ്പരയില്‍ ഉള്ളതാണ്. സിദ്ധികള്‍ കിട്ടുമ്പോള്‍ അത് കര്‍മ്മംകൊണ്ടും ഉപാസനകൊണ്ടും ആര്‍ജിച്ചതായ സിദ്ധിയാണ്. അപ്രകാരം ആര്‍ജിച്ച സിദ്ധി അടുത്തയാളിനുകൊടുത്താല്‍ കൊടുത്തയാളില്‍നിന്നും ആ സിദ്ധി (മന്ത്രസിദ്ധി) നഷ്ടപ്പെടുകയും ലഭിച്ചയാളിന്നു ആ സിദ്ധി ഉണ്ടാവുകയും ചെയ്യുന്നതായാണ് നാം കാണുന്നത്. ഇപ്രകാരമുള്ള സിദ്ധി അനേകംപേര്‍ക്ക് കൊടുക്കാം എന്നുവച്ചാല്‍ നടക്കുകയുമില്ല. ഒരാള്‍ക്കുകൊടുത്താല്‍ത്തന്നെ കൊടുത്തയാളില്‍നിന്നും ആ സിദ്ധി നഷ്ടപ്പെട്ടുപോകും. അതേസമയം വിദ്യയാകട്ടെ അപ്രകാരമല്ല. വിദ്യ “കൊടുക്കുന്തോറുമേറിടും” എന്നാണ്. എത്രത്തോളം കൊടുത്താലും നഷ്ടപ്പെടാത്തതാണ് വിദ്യ. നേരെമറിച്ച് സിദ്ധിയാണെങ്കില്‍ കൊടുത്തയാള്‍ പാപ്പരാകുന്നു. അതിനാല്‍ സിദ്ധന്മാര്‍ എപ്പോഴും അനുഗ്രഹിക്കുക മാത്രമേ ചെയ്യൂ.
വിദ്യയുടെ കാലഘട്ടത്തില്‍ ഓരോ ഗുരുവിനും അനേകം ശിഷ്യന്മാരുണ്ടായിരുന്നു. രാജാക്കന്മാരായിരുന്നു ഈ രാജവിദ്യയെ സംരക്ഷിച്ചു പ്രോത്സാഹിപ്പിച്ചു കൊണ്ടുനടന്നിരുന്നത്. ആ കാലഘട്ടത്തെയായിരുന്നു നമ്മുടെ ഭാരതീയ സംസ്കൃതിയുടെ സുവര്‍ണ്ണ കാലം എന്നുപറഞ്ഞിരുന്നത്. ഇപ്പോള്‍ നമ്മള്‍ ഇത് പഠിക്കുന്നതിലൂടെ നാം ആ സംസ്കൃതിയെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. അന്നത്തെ ശിഷ്യന്മാര്‍ ഇത് പഠിച്ചപ്പോള്‍ അവര്‍ ഗുരുക്കന്മാരായി. അവരുടെ ശിഷ്യന്മാര്‍ ഇത് പഠിച്ചപ്പോള്‍ അവരും ഗുരുക്കന്മാരായി. അങ്ങിനെ പകര്‍ന്നു പകര്‍ന്നുണ്ടായതാണ് ഈ പരമ്പര. ആ പരമ്പരയെയാണ് ഋഷി ഈ മന്ത്രത്തില്‍ ഇവിടെ പരാമര്‍ശിക്കുന്നത്. ഋഷി ഇവിടെ പറയുകയാണ് യാതൊരുവരാണോ ഞങ്ങള്‍ക്ക് ഇത് “വിചചക്ഷിരേ”, പറഞ്ഞുതന്നത്, അവര്‍ ഇപ്രകാരമാണ് ഞങ്ങളോട് പറഞ്ഞത്. “വിചചക്ഷിരേ”, എന്നുപറഞ്ഞാല്‍ വ്യക്തായാം വാചി, അതായത് നല്ലതുപോലെ പറഞ്ഞുതരിക എന്നാണ് അർത്ഥം. ഇപ്രകാരം നല്ലതുപോലെ പറഞ്ഞുതന്നതായ പൂര്‍വ്വ ഗുരുക്കന്മാരെ ഞങ്ങള്‍ സ്മരിക്കുന്നു.
ഇപ്രകാരം പൂര്‍വീകരായ ഗുരുക്കന്മാര്‍ എന്താണ് പറഞ്ഞുതന്നത്? “അന്യത് ആഹുഃ സംഭാവാത്”, സംഭവത്തില്‍നിന്നും അന്യമാണ് എന്നാണു അവര്‍ പറഞ്ഞിട്ടുള്ളത്. അതേപോലെതന്നെ “അസംഭാവാത് അന്യത്”, അസംഭവത്തില്‍നിന്നും അന്യമാണ് എന്നുമാണ് അവര്‍ പറഞ്ഞിരിക്കുന്നത്. “വിദ്യായാം”, അതായത് വിദ്യയാല്‍ എന്നുപറയുന്നതില്‍നിന്നും വ്യത്യസ്തമാണ് “സംഭവാത്” എന്നുപറയുന്നത് എന്ന് ഇവിടെ നമുക്ക് വ്യക്തമായി കാണാന്‍ സാധിക്കും. സംഭവാത് എന്നുപറയുമ്പോള്‍ ബ്രഹ്മലോകത്തിനേക്കാളും ഭിന്നമാണ് എന്നുള്ള അർത്ഥമാണ്. അതുപോലെ അസംഭാവത് എന്നുപറയുമ്പോള്‍ മൂലപ്രകൃതിയെക്കാളും വേറൊന്നാണ് എന്നുള്ള അർത്ഥവുമാണ് അതായത് വിദ്യയാല്‍ നേടുന്നതില്‍നിന്നു ഭിന്നമാണ്, അവിദ്യയാല്‍ നേടുന്നതില്‍നിന്നും ഭിന്നമാണ് എന്ന വിധിലുള്ളതാണ് ഇവയുടെ സംബന്ധം. അവിദ്യയുടെ ഫലമായിട്ടുള്ള സ്വര്‍ഗ്ഗലോക പ്രാപ്തിയും, അതില്‍നിന്നും വ്യത്യസ്തമായി ഉപാസനയുടെ, അതായത് വിദ്യയുടെ, ഫലമായിട്ടുള്ള ബ്രഹ്മാദി ഊര്‍ധ്വലോകപ്രാപ്തിയും, എന്നിങ്ങിനെ വ്യത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെ വ്യത്യസ്തലോകപ്രാപ്തി നേടിയാല്‍ അവിടെ ഫലങ്ങളും വ്യത്യസതമാണ് എന്നാണ് മന്ത്രത്തില്‍ പറയുന്നത്.
*മന്ത്രം.14* *(അ)സംഭൂതിം ച വിനാശം ച*
*യസ്തത് വേദോഭയം സഹ*
*വിനാശേന മൃത്യും തീർത്ത്വാ*
*സംഭൂത്യാഽമൃതമശ്നുതേ*
അവ്യക്തത്തിന്‍റേയും വ്യക്തത്തിന്‍റേയും ഉപാസനകള്‍ ഒന്നിച്ചു ചെയ്യേണ്ടതാണ് എന്നറിയുന്നയാള്‍ അവ്യക്തോപാസനകൊണ്ട് മൃത്യുവിനെ ജയിച്ചിട്ട് വ്യക്തോപാസനകൊണ്ട് അമൃതത്വത്തെ പ്രാപിക്കുന്നു.
ഇവിടെ “വിനാശം” എന്നുപറഞ്ഞിരിക്കുന്നതിനെ മുമ്പത്തെ മന്ത്രത്തില്‍ പറഞ്ഞിരിക്കുന്നതായ “സംഭവഃ” എന്നതുമായി ചേര്‍ത്തു മനസ്സിലാക്കേണ്ടതാണ്. ഇവിടെ മന്ത്രത്തില്‍ “സംഭൂതി” എന്ന വാക്കാണ് കാണുന്നത്. പക്ഷെ ശരിക്കും വേണ്ടുന്നത് “അസംഭൂതി” എന്നവാക്കാണ്. ഇപ്രകാരമുള്ള പ്രയോഗത്തെ “ആര്‍ഷം” എന്നാണു പറയുന്നത്. ആര്‍ഷം എന്നുപറഞ്ഞാല്‍ ഋഷിയുടെ പ്രയോഗം എന്നാണ് അർത്ഥം. “സംഭൂതിം” എന്നതിനുപകരം “അസംഭൂതിം” എന്നാണുവേണ്ടുന്നത് എന്ന് ശങ്കരാചാര്യര്‍ ഭാഷ്യത്തില്‍ പറയുന്നുണ്ട്. അതിനാല്‍ ഇവിടെ “അസംഭൂതിം” എന്ന വാക്ക് സംശയംകൂടാതെ നമുക്ക് സ്വീകരിക്കാവുന്നതാണ്. വിനാശം എന്നുപറയുന്നത് തന്നെയാണ് സംഭവഃ എന്നുപറഞ്ഞത്. അതിനെത്തന്നെയാണ് ബ്രഹ്മലോകം എന്നും പറഞ്ഞിരിക്കുന്നത്. വിനാശം എന്നിവിടെ പറയാന്‍ കാരണം ഈ ലോകം ഉണ്ടായത് (സംഭവഃ) ആണ്. ഉണ്ടായതെല്ലാം നശിക്കുമല്ലോ. അതിനാലാണ് വിനാശം, നശിക്കുന്നത്, എന്നുപറഞ്ഞത്. അതുപോലെ അസംഭൂതി എന്നുപറഞ്ഞാല്‍ സംഭവിക്കാത്തത് (അസംഭവഃ) എന്നാണ് അർത്ഥം. അത് മൂലപ്രകൃതിയാണ്. ഇവിടെ മന്ത്രത്തില്‍ പറയുന്നതായ “യസ്തത് വേദോഭയം സഹ” എന്നുപറഞ്ഞാല്‍ അസംഭൂതിയും വിനാശവും രണ്ടുകൂടി യാതൊരുവനാണോ ഒന്നിച്ചറിയുന്നത് എന്നാണ് അർത്ഥം. മുമ്പുപറഞ്ഞതായ സംഭവത്തിന്‍റെ ഫലം വേറെയാണ് അസംഭവത്തിന്‍റെ ഫലവും വേറെയാണ്. ഇവിടെ പറയുന്നൂ, അസംഭവത്തേയും സംഭവത്തേയും അഥവാ അസംഭൂതിയെയും വിനാശത്തെയും യാതോരുവനാണോ ഇപ്രകാരം വേര്‍തിരിച്ചറിയുന്നത് അവന്‍ “വിനാശേന മൃത്യും തീർത്ത്വാ”, ബ്രഹ്മലോകംകൊണ്ട് (വിനാശംകൊണ്ട്) മൃത്യുവിനെ തീര്‍ത്തിട്ട്, “അസംഭൂത്യാ അമൃതമശ്നുതേ”, അസംഭൂതികൊണ്ട് (മൂലപ്രകൃതിയെ പ്രാപിച്ചിട്ട്) അമൃതാനായി ഭവിക്കുന്നു.
“വിനാശേന മൃത്യും തീർത്ത്വാ” എന്നിടത്തു ബ്രഹ്മലോക പ്രാപ്തിക്കു ഹേതുവായിട്ടുള്ള മാര്‍ഗ്ഗം എന്നാണു നാമിവിടെ അർത്ഥം എടുക്കേണ്ടത്. ആ ഉപായത്തെ ആശ്രയിക്കുന്നവന്‍ “മൃത്യും തീർത്ത്വാ”, പാപരഹിതനായി ഭവിക്കുന്നു. മൃത്യുവാകുന്നു പാപം. മൃത്യു ദുഃഖം കൊണ്ടുവരുന്നു. ദുഃഖമാണ് പാപം. നമുക്കുള്ള മൃത്യു ആശങ്കയാണ് ഭയം. എന്‍റേതു നശിക്കുന്നു, ഞാന്‍ നശിക്കുന്നു എന്നീ രണ്ടുതരത്തിലാണ് നമുക്ക് നാശത്തിനുമേല്‍ ആശങ്കയുണ്ടാകുന്നത്. എനിക്കുള്ളത് നശിക്കുമ്പോള്‍ അവയുടെ മൃത്യുവും, ഞാന്‍ നശിക്കുമ്പോള്‍ എന്‍റെ മൃത്യുവുമാണ് സംഭവിക്കുന്നത്. അപ്പോള്‍ നാശത്തിലുള്ള ആശങ്കയാണ് മൃത്യുഭയം. നാശം എന്നത് ദുഖമാണ്. ഒന്ന് പോയിക്കഴിയുമ്പോള്‍ ഉണ്ടാകുന്ന ദുഖമാണല്ലോ എന്‍റെ ആശങ്ക. അതിനാല്‍ അവപോയാല്‍ അതിനാലുണ്ടാകുന്ന ദുഖമാണ് എനിക്കിഷ്ടമല്ലാത്തത്. അതേപോലെ ഞാന്‍ ഇല്ലാതായിക്കഴിഞ്ഞാലുണ്ടാകുന്ന ദുഖമാണ് എനിക്കിഷ്ടമല്ലാത്തത്. അതുകൊണ്ട് ദുഖമാണ് എന്‍റെ പ്രശ്നം. ദുഃഖഹേതുവാണ് മൃത്യു. മൃത്യുവിനെ ഒഴിവാക്കുക എന്നുപറഞ്ഞാല്‍ ദുഃഖഹേതുവായിട്ടുള്ള പാപത്തിനെ ഒഴിവാക്കുക എന്നാണ് അർത്ഥം. അപ്രകാരമുള്ള പാപത്തെ ഒഴിവാക്കുകവഴി ദുഖത്തെയാണ് നാം ഒഴിവാക്കുന്നത്. അപ്പോള്‍ “വിനാശേന മൃത്യും തീർത്ത്വാ” എന്നുപറയുമ്പോള്‍ ബ്രഹ്മലോക പ്രാപ്തിക്കുള്ള ഉപായത്തെ ആശ്രയിച്ചുകൊണ്ട്, പാപരഹിതനായി, മൃത്യുശങ്കയേയും, ഭയത്തെയും നീക്കിയവനായി മാറുക എന്നാണ് അർത്ഥമാക്കുന്നത്.
“അസംഭൂത്യാ അമൃതമശ്നുതേ”, സംഭൂത്യാ എന്നുള്ളത് ബ്രഹ്മലോക പ്രാപ്തിയാണെങ്കില്‍ അസംഭൂത്യാ എന്നത് മൂലപ്രകൃതിയെ പ്രാപിക്കലാണ്. അസംഭൂതി ഉപാസനയാല്‍ അമൃതത്വം പ്രാപിക്കുന്നു. ഇപ്രകാരം ഇവിടെ അമൃതത്വം എന്നുപറയുന്നത് പൂര്‍ണ്ണതയാണോ? മൂലപ്രകൃതിയെ പ്രാപിക്കുക എന്നുപറഞ്ഞാല്‍ ഇവിടെ പ്രകൃതിലയം എന്നാണ്. യോഗികളുടെ പരമമായ ഒരു അവസ്ഥയാകുന്നു ഇത്. അനേക ലോകപ്രാപ്തികള്‍ യോഗികള്‍ക്കുണ്ട്. അതുപോലെ അനേക സിദ്ധിപ്രാപ്തികളും യോഗികള്‍ക്ക് ഉണ്ട്. ഈ യോഗികളുടെ പരമമായ ഒരു അവസ്ഥാപ്രാപ്തിയാണ് പ്രകൃതിലയം. പ്രകൃതിലയം എന്നത് സശരീരനായിട്ടുമാകാം, അതല്ലെങ്കില്‍ വിദേഹവാനായിട്ടുമാകാം. സദേഹവാനായിട്ടുള്ള പ്രകൃതിലയമാണ് എങ്കില്‍ ദേഹം അങ്ങിനെത്തന്നെ സ്ഥിതിചെയ്യുന്നു. കുറച്ചുകാലം കഴിഞ്ഞാല്‍ ആ ദേഹത്തിലേക്കുതന്നെ തിരികേപ്രവേശിക്കാനുള്ള ഒരു സാധ്യത ഇവിടെയുണ്ട്. യോഗികള്‍ക്ക് അവരുടെ പുണ്യാധീക്യംകൊണ്ട് പ്രകൃതിലയത്തിനു ശേഷവും സ്വശരീരം നശിക്കാതെ അങ്ങിനെത്തന്നെ നിലനിര്‍ത്താന്‍ സാധിക്കും എന്ന് പറയപ്പെടുന്നു. ഇവിടെ പലരും വിചാരിക്കുന്നൂ, പ്രാണനെ സ്തംഭിപ്പിച്ചാല്‍ പലതും നടക്കുമെന്ന്. പക്ഷെ അവര്‍ ഒരു കാര്യംകൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിനുള്ള യോഗ്യതയുംകൂടി നേടണം എന്നുള്ള കാര്യം. പ്രാണരോധനവും, ലീനമാനസവും ഒക്കെ നടത്തതക്ക യോഗ്യത ഉള്ളവനുമാത്രമേ ഇത്തരത്തിലുള്ള സിദ്ധികളൊക്കെ നേടാന്‍ സാധിക്കൂ എന്നകാര്യംകൂടി ഈ അവസരത്തില്‍ നാം ഓര്‍ക്കേണ്ടതാണ്. ഇങ്ങിനെയൊക്കെ സാധിക്കണമെങ്കില്‍ തുടക്കംമുതല്‍തന്നെ നമ്മള്‍ സദ്‌വൃത്തരാകണം, സദാചാരനിഷ്ഠരാകണം. നമ്മുടെ ശ്രദ്ധ തിരിഞ്ഞുപോകുന്നവിധത്തിലുള്ള ചിന്തകള്‍ നമ്മുടെ മനസ്സിനെ അലട്ടരുത്.
ഇവിടെ വ്യാകൃതോപാസന ബ്രഹ്മപ്രാപ്തിക്കുള്ള മാര്‍ഗ്ഗവും, അവ്യാകൃതോപാസന മൂലപ്രകൃതിയില്‍ ലയിക്കുന്നതിനുള്ള മാര്‍ഗ്ഗവുമാകുന്നു. രണ്ടിലേതെങ്കിലും ഒന്നുമാത്രം ഒരുവന്‍ അനുഷ്ഠിച്ചുകഴിഞ്ഞാല്‍ അത് വ്യര്‍ത്ഥമാണ്. എന്നാല്‍ രണ്ടുംകൂടി അനുഷ്ഠിച്ചുകഴിഞ്ഞാല്‍ പാപരഹിതനായി പുണ്യത്തെപ്രാപിച്ച് കാലാന്തരത്തില്‍ ബ്രഹ്മലോകപ്രാപ്തിയും, മൂലപ്രകൃതിലയവും സംഭവിക്കുന്നു. ഇപ്രകാരം പറഞ്ഞിരിക്കുന്നതായ വിദ്യയും അവിദ്യയും, സംഭൂതിഉപാസനയും അസംഭൂതിഉപാസനയുമല്ല ഉപനിഷത്തില്‍ പ്രതിപാദിക്കുന്ന “വിദ്യ”. ആ വിദ്യ വേറെതന്നെയാണ് എന്നുകാണിക്കാന്‍വേണ്ടിയാണ് ഇവയെക്കുറിച്ചൊക്കെ ഇവിടെ പറഞ്ഞിരിക്കുന്നത്. ഇവിടെ ഇതുവരേയും പറഞ്ഞിരിക്കുന്നത് നമുക്ക് അറിയാവുന്ന മാര്‍ഗങ്ങളാണ്. ഇനിയും നമുക്ക് അറിഞ്ഞുകൂടാത്ത മാര്‍ഗ്ഗത്തെക്കുറിച്ചാണ് അടുത്ത മന്ത്രങ്ങളില്‍ പറയാന്‍പോകുന്നത്.
*ഹരി ഓം……………..* (30/07/2020)
Leave a comment