YOGI LIFE

HOME

യോഗ്യജീവിതം
വിശ്വമെമ്പാടും പല കാലഘട്ടങ്ങളില്‍ മനുഷ്യ ജീവിതം സുഗമമാക്കുവാനുള്ള വീക്ഷണങ്ങളും ദര്‍ശനങ്ങളും വ്യത്യസ്ഥ തരത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

എല്ലാ ദര്‍ശനങ്ങളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മനുഷ്യനെ ഉന്നത ആത്മീയ നിലവാരത്തോടെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്ന ജ്ഞാനസരണികള്‍ തന്നെയാണ്.

ഇക്കൂട്ടത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന ഒരു ജീവിതശാസ്ത്രമാണ് ‘യോഗദര്‍ശനം’.

ഭാരതത്തിലെ ഷഡ്ദര്‍ശനങ്ങളില്‍ ഒന്നാണിത്. സാംഖ്യം, ന്യായം, വൈശേഷികം, പൂര്‍വ്വ മീമാംസ, ഉത്തര മീമാംസ എന്നിവയാണ് മറ്റ് അഞ്ചെണ്ണം.

ഋഷി കുലങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ടതാണ് എല്ലാ ദര്‍ശനങ്ങളും. യോഗദര്‍ശനത്തിന്‍റെ ഋഷി പതഞ്ചലിയാണ്.

എന്നാല്‍ ഈ സമസ്ത അറിവുകളുടെയും ഉപദേഷ്ടാവ് ബ്രഹ്മാവാണെന്ന് ഋഷി വംശം പോലും സമ്മതിക്കുന്നു.

മാത്രമല്ല സമസ്ത ഗുരുക്കന്മാരുടെയും ആദി ഗുരുവായി സ്തുതിക്കുന്നത് സദാശിവനെയുമാണ്.

ശിവനും ബ്രഹ്മാവും മാനവ കുലത്തിനായി അരുളിയ ജ്ഞാന സഞ്ചീവനിയെ ഒറ്റവാക്കില്‍ ‘യോഗം’ എന്ന് വിളിക്കാം.

മനുഷ്യന്‍റെ ബോധതലത്തെ ദൈവീകമാക്കുവാനുള്ള ഉപായമാണ് യോഗം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ശരീരത്തില്‍ നിന്ന് സാധകന്‍റെ ശ്രദ്ധയെ മനസ്സിലേക്കും മനസ്സില്‍ നിന്ന് ബുദ്ധിയിലേയ്ക്കും ബുദ്ധിയില്‍ നിന്ന് ആത്മാവിലേയ്ക്കും ആത്മാവില്‍ നിന്ന് പരമാത്മാവിലേയ്ക്കും ഉയര്‍ത്തുന്ന ക്രമാനുക്രമമായ പദ്ധതിയാണ് യോഗ ശാസ്ത്രം.

പതഞ്ചലി മഹര്‍ഷിയുടെ യോഗ ശാസ്ത്രത്തിലും 8 പദ്ധതികളാണ് അനുശാസിച്ചിരിക്കുന്നത്. 1 യമം, 2 നിയമം, 3 ആസനം, 4 പ്രാണയാമം, 5 പ്രത്യഹാരം, 6 ധാരണ, 7 ധ്യാനം, 8 സമാധി ഇവയാണ് അഷ്ടാംഗയോഗത്തിന്‍റെ പടവുകള്‍.

ഇവയില്‍ ആദ്യത്തെ രണ്ടെണ്ണം ഒരു വ്യക്തിയുടെ ജീവിതത്തെ അച്ചടക്കപ്പെടുത്തുന്ന നിയമ സംഹിതയാണ്.

മൂന്നും നാലും ശാരീരിക ശുദ്ധിയിലൂടെ ആത്മാവിനെ നിര്‍മലമാക്കാനുള്ള പടികളും

അഞ്ചും ആറും യോഗീ ജീവിതത്തിലെ വ്യക്തിത്വ നിര്‍മ്മാണതത്വങ്ങളും

അവസാനം ധ്യാനത്തിലൂടെ ബുദ്ധിസ്ഥിരത (സമാധി) നേടുന്ന പരിശീലനവുമാണ്.

ഇപ്രകാരം ചിന്തിച്ചാല്‍ അവസാനത്തെ ലക്ഷ്യം വരെ എത്താത്ത യോഗിയെ പൂര്‍ണ്ണനെന്ന് വിളിക്കുവാന്‍ സാധ്യവുമല്ല.

‘സദാശിവ സമാരംഭാംശങ്കരാചാര്യമധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം’

എന്ന് ഗുരു പരമ്പരാ സ്തോത്രത്തില്‍ നമ്മള്‍ സ്തുതിക്കാറുണ്ടെങ്കിലും ആദി ഗുരുവായ സദാശിവന്‍റെ ഉപദേശങ്ങളെ ജീവിത തിരക്കിനിടെ വിസ്മരിച്ചുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്ന കാലത്തിലാണ് നമ്മളിന്ന് ജീവിക്കുന്നത്.

പരമാത്മാവില്‍ നിന്ന് അകന്ന മനസ്സുകളിലാണ് മാലിന്യങ്ങളും തദ്വാരാ വന്ന് ഭവിക്കുന്ന ക്ലേശങ്ങളും നിറയുന്നത്.

ഈശ്വരനില്‍ നിന്ന് അകലുന്ന മനുഷ്യന്‍ സ്വന്തം ആത്മാവില്‍ നിന്നും അകലുകയാണ്.

സംസാര സാഗരത്തില്‍ ലക്ഷ്യം നഷ്ടപ്പെട്ട നൗക പോലെ അലയുകയാണ്, വൈദ്യുതി വിച്ഛേദിക്കപ്പെട്ട വഴി വിളക്ക് പോലെ ആര്‍ക്കും ഉപകാരമില്ലാതെ അണയുകയാണ്, സാരഥിയില്ലാത്ത കുതിര പോലെ വിളറികൊള്ളുകയാണ്.

ശരീരത്തില്‍ ഓജസ്സും, മനസില്‍ സമ്പൂര്‍ണ്ണ അഹിംസാ മനോഭാവവും, കാമ-ക്രോധാദി വികാരങ്ങളുടെ മേല്‍ അതി ശക്തമായ കടിഞ്ഞാണും, അന്ന-പാനിയാദികളില്‍ പൂര്‍ണ്ണ ശുദ്ധിയും, ദനചര്യയില്‍ കൃത്യതയും, സ്വഭാവത്തില്‍ സരളതയും, വ്യക്തിത്വത്തില്‍ നൈര്‍മല്യവും, ബോധതലത്തില്‍ വസുധൈവ കുടുംബക ഭാവവും ഓരോ യോഗിയിലും വ്യക്തമായി പ്രതിബിംബിക്കേണ്ട പ്രത്യക്ഷ ലക്ഷണങ്ങളാണ്.

ജീവിതത്തെ സമഗ്രമായി സ്ഫുടം ചെയ്തെടുക്കുന്നതിനായുള്ള യോഗസംസ്കാരത്തെ പ്രബലമാക്കുവാന്‍ സന്നദ്ധരായി എല്ലാവരും മുന്നോട്ട് വരേണ്ട സമയം വന്നെത്തിയിരിക്കുകയാണ്.

‌’പവിത്രമാകൂ യോഗിയാകൂ’.

Leave a comment

Design a site like this with WordPress.com
Get started